| Friday, 18th October 2024, 10:25 am

ലൗ ആക്ഷൻ ഡ്രാമക്കൊപ്പം ഇറങ്ങിയ ആ ചിത്രം മികച്ചതായിട്ടും പരാജയപ്പെട്ടത് ഖേദകരം: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ നേടാനും ധ്യാനിന് സാധിച്ചു. ലൗ ആക്ഷൻ ഡ്രാമയെന്ന ചിത്രത്തിലൂടെ സംവിധാനത്തിലും ധ്യാൻ കൈവെച്ചു.

നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ ഓണം വിന്നര്‍ ആയിരുന്നു. ചിത്രം സാമ്പത്തികമായി വിജയമായിരുന്നുവെങ്കിലും പിന്നീട് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

എന്നാൽ ലൗ ആക്ഷൻ ഡ്രാമയെക്കാൾ മികച്ചത് അതിനൊപ്പം ഇറങ്ങിയ ഫൈനൽസ് എന്ന സിനിമയാണെന്നും അത് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത് ഖേദകരമാണെന്നും ധ്യാൻ പറഞ്ഞു. ഉത്സവകാല ചിത്രമെന്ന മുൻതൂക്കം ലൗ ആക്ഷൻ ഡ്രാമക്കായിരുന്നു ലഭിച്ചതെന്നും സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു.

‘സംവിധാനം തന്നെയാണ് എന്റെ ലക്ഷ്യം. കുറച്ചു സിനിമകളിൽ അഭിനയിക്കാൻ കരാറൊപ്പു വെച്ചിട്ടുണ്ട്. ഒന്നു രണ്ടുവർഷം കൊണ്ട് അവയുടെ ഷൂട്ടിങ് കഴിയും. അതുകഴിഞ്ഞ് സംവിധാനത്തിലേക്കിറങ്ങും. അതിനായുള്ള എഴുത്തു ജോലികൾ നടക്കുന്നുണ്ട്.

ചില സബ്‌ജക്ടുകളിൽ തീരുമാനമായിട്ടുണ്ട്. ‘ലൗ ആക്ഷൻ ഡ്രാമ’ പ്രേക്ഷകർക്കിഷ്ടപ്പെട്ട ചേരുവകൾ ഉള്ളതുകൊണ്ടാവാം വിജയിച്ചത്. അതത്ര മികച്ച ചിത്രമൊന്നുമല്ല. ഒരു ഓണക്കാലത്താണ് ആ ചിത്രം ഇറങ്ങിയത്. ഒരു ഉത്സവകാല ചിത്രം എന്ന തരത്തിലുള്ള മുൻതൂക്കം ആ ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒപ്പമിറങ്ങിയ ‘ഫൈനൽസ്’ നല്ല സിനിമയായിരുന്നു. പക്ഷേ, ആ സിനിമ വിജയിച്ചില്ല എന്നത് ഖേദകരമാണ്.

ലൗ ആക്ഷൻ ഡ്രാമയിൽ ആദ്യം ഉദ്ദേശിച്ച കഥയല്ല പിന്നീട് വന്നത്. പലരുടേയും അഭിപ്രായങ്ങൾക്കനുസരിച്ച് സിനിമയിൽ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായിരുന്നു,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan About Onam Clash Of Love Action Drama Movie

Video Stories

We use cookies to give you the best possible experience. Learn more