Entertainment
നിവിൻ എന്നെ ഇമിറ്റേറ്റ് ചെയ്താണ് ആ സിനിമ മുഴുവൻ അഭിനയിച്ചത്: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 09:21 am
Monday, 24th February 2025, 2:51 pm

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍, ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

തിയേറ്ററിൽ വലിയ വിജയമായ ലൗ ആക്ഷൻ ഡ്രാമയിൽ നിവിൻ പോളിയായിരുന്നു നായകൻ. നിവിൻ പോളിയെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ. നിവിൻ നന്നായി ഇമിറ്റേറ്റ് ചെയ്യുന്ന ആളാണെന്നും തട്ടത്തിൻ മറയത്തിൽ ചേട്ടനായ വിനീത് ശ്രീനിവാസനെയും ഒരു വടക്കൻ സെൽഫിയിൽ തന്നെയുമാണ് നിവിൻ കഥാപാത്രത്തിനായി എടുത്തതെന്ന് ധ്യാൻ പറയുന്നു. താൻ അമ്മയോട് പറയുന്ന ചില ഡയലോഗുകളാണ് നിവിൻ ആ സിനിമയിൽ പറയുന്നതെന്നും വടക്കൻ സെൽഫിയിലെ ഉമേഷിന്റെ എസ്റ്റെൻഷനാണ് ലൗ ആക്ഷൻ ഡ്രാമയിൽ ഉള്ളതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘നിവിന് ഒരു കഴിവുണ്ട്. നന്നായി ഇമിറ്റേറ്റ് ചെയ്യാൻ അറിയുന്ന ആളാണ് നിവിൻ. തട്ടത്തിൻ മറയത്തിൽ ഏട്ടനാണ്. വിനീത് ശ്രീനിവാസനാണ് ആ ചിത്രത്തിലുള്ളത്. വടക്കൻ സെൽഫിയിലെ ഉമേഷ്‌ ഞാനാണ്. അതിന്റെ എസ്റ്റെൻഷനാണ് ലവ് ആക്ഷൻ ഡ്രാമയിലെ ദിനേശൻ എന്ന കഥാപാത്രം. ഞാൻ പറയുന്നത്, ബോഡി ലാംഗ്വേജ്, എന്റെ കോപ്രായങ്ങൾ അങ്ങനെ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് നിവിൻ ചെയ്തിട്ടുള്ളത്.

ഉമേഷിനെ ചെയ്യുമ്പോൾ ചേട്ടൻ എന്നെ റഫറൻസായി പറഞ്ഞുകൊടുത്തിരുന്നു. ഞാൻ അമ്മയോട് പറയുന്ന ചില ഡയലോഗുകളൊക്കെയുണ്ട്, അച്ഛനെന്തെങ്കിലും അസുഖം, എന്നൊക്കെ നിവിൻ വടക്കൻ സെൽഫിയിൽ പറയുന്നതൊക്കെ ഞാൻ അമ്മയോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

അതേസമയം ശരീരം ഭാരം കുറച്ച് പുതിയ മേക്കോവറിൽ എത്തിയ നിവിൻ പോളിയുടെ ചിത്രങ്ങൾ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പിന്നാലെ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മൾട്ടിവേർസ് സൂപ്പർ ഹീറോ ആയി നിവിൻ പോളിയെത്തുന്ന ‘മൾട്ടിവേർസ് മന്മഥൻ’ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു.

ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. കൂടാതെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയുടെ രണ്ടാം ഭാഗമടക്കമുള്ള സിനിമകൾ നിവിൻ പോളിയുടേതായി ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

 

Content Highlight: Dhyan Sreenivasan About Nivin Pauly’s Character In Oru Vadakkan Selfie