വിനീത് ശ്രീനിവാസന്റേതായി തിയേറ്ററിലെത്താന്‍ ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. പ്രണവിന് പുറമെ വന്‍ താരനിര തന്നെയാണ് ഈ ചിത്രത്തിലുള്ളത്.
പ്രണവിന് പുറമെ ധ്യാൻ ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ആദ്യമായി പ്രണവിനുമൊത്ത് അഭിനയിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവിനെ ആദ്യം കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. വർഷങ്ങൾക്ക് ശേഷം സിനിമയുടെ സെറ്റിൽ വെച്ചാണ് താൻ പ്രണവ് മോഹൻലാലിനെ ആദ്യമായി കാണുന്നതെന്നും ധ്യാൻ പറഞ്ഞു.
പണ്ട് പ്രണവിനെ കണ്ടിട്ടുണ്ടെങ്കിലും ശരിക്കും പരിചയപ്പെടുന്നതും സംസാരിക്കുന്നതും ഈ സെറ്റിൽ വെച്ചിട്ടാണെന്നും ധ്യാൻ പറയുന്നുണ്ട്. സിനിമയുടെ കോസ്റ്റ്യൂം ട്രയലിന്റെ സമയത്താണ് പ്രണവിനെ കാണുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. സിനിമയുടെ വിശേഷങ്ങൾ വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ഈ സെറ്റിൽ വെച്ചിട്ടാണ് അപ്പുവിനെ ശരിക്കും പരിചയപ്പെടുന്നത്. പണ്ട് അവനെ കണ്ടിട്ടുണ്ടെന്ന് അല്ലാതെ ശരിക്കും പരിചയപ്പെടുന്നതും സംസാരിക്കുന്നത് ഈ സെറ്റിൽ വെച്ചിട്ടാണ്. ലുക്ക് ടെസ്റ്റ് പോലൊരു കോസ്റ്റ്യൂം ട്രയൽ ഉണ്ടായിരുന്നു. അന്നാണ് ഞങ്ങൾ ആദ്യമായിട്ട് സംസാരിക്കുന്നത്. ഞങ്ങൾക്ക് ചെറുപ്പത്തിൽ പ്രണവുമായിട്ട് അടുപ്പം ഒന്നുമില്ലായിരുന്നു. നമ്മൾ ചെന്നൈയിൽ ഉള്ള സമയത്ത് അപ്പു ഊട്ടിയിൽ എവിടെയോ പഠിക്കുകയായിരുന്നു. ഞങ്ങൾ ഈ കോസ്റ്റ്യൂം ട്രയൽ സമയത്താണ് കാണുന്നത്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും പുറമെ അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.
വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ചിത്രം 2024 ഏപ്രില്‍ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണ്യനാണ്.
Content Highlight: Dhyan sreenivasan about meeting pranav mohanlal