'ധ്രുവത്തിലെ മമ്മൂക്ക എന്ന് പറയുമ്പോള്‍ ആ മുഖം ഓര്‍മ വരാനുള്ള പ്രധാന കാരണം അതാണ്'
Entertainment news
'ധ്രുവത്തിലെ മമ്മൂക്ക എന്ന് പറയുമ്പോള്‍ ആ മുഖം ഓര്‍മ വരാനുള്ള പ്രധാന കാരണം അതാണ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th August 2023, 10:25 pm

മമ്മൂട്ടി നായകനായി എത്തിയ ധ്രുവം എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്കിനെ കുറിച്ചും ഹെയര്‍ സ്റ്റൈലിനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. മമ്മൂട്ടിയുടെ മറ്റ് ചിത്രങ്ങളിലേതെന്ന പോലെയല്ല, വ്യത്യസ്തമായ ഒരു ഹെയര്‍ സ്‌റ്റൈലാണ് ധ്രുവത്തിലുള്ളതെന്നും അത് കാരണം ആ മുഖം പെട്ടെന്ന് തന്നെ ഓര്‍മ വരുമെന്നും ധ്യാന്‍ പറഞ്ഞു.

കാന്‍ ചാനല്‍ മീഡിയകക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എസ്.എന്‍. സ്വാമിക്കൊപ്പം വര്‍ക്ക് ചെയ്യവെ അദ്ദേഹത്തോട് എന്തെങ്കിലും സംശയങ്ങള്‍ ചോദിച്ചിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

’20ാം നൂറ്റാണ്ടില്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന പേരിലേക്ക് എങ്ങനെയെത്തി എന്ന് ഞാന്‍ ചോദിച്ചിരുന്നു. അന്നൊക്കെ ജാക്കി എന്ന പേര് കോമണ്‍ ആയിരുന്നു എന്നാണ് എന്നോട് പറഞ്ഞത്. ജാക്കി ഷ്‌റോഫ് അന്ന് തുടങ്ങിയ കാലമാണെന്നാണ് തോന്നുന്നത്.

പിന്നെ ഈ ഇടുന്ന പേരുകള്‍ ഉണ്ടല്ലോ, ധ്രുവത്തിലെ മന്നാഡിയാര്‍, വലിയ പേരാണത്. ധ്രുവത്തില്‍ മമ്മൂക്കയുടെ ലുക്ക് ഉണ്ടല്ലോ, സിനിമയില്‍ മമ്മൂക്ക ആദ്യമായി ഡ്രസ് ഒക്കെ ചെയ്ത് യൂഷ്വല്‍ ഹെയര്‍ സ്‌റ്റൈലിലാണ് വന്നത്. അപ്പോള്‍ സ്വാമി സാര്‍ ഇതല്ല മന്നാഡിയാര്‍ എന്ന് പറഞ്ഞത്രേ. മുടി ജസ്റ്റ് ഒന്ന് ബാക്കിലേക്ക് വലിച്ച് ചീകി നെറ്റിയില്‍ കുറിയിട്ടപ്പോള്‍ സംഭവം വേറെ ഒരു ലുക്കായി.

 

ധ്രുവത്തിലെ മമ്മൂക്ക എന്ന് പറയുമ്പോള്‍ പെട്ടെന്ന് ആ മുഖം ഓര്‍മ വരാന്‍ കാരണം അതാണ്. ആ ലുക്കും ആ ഡ്രസ്സും ആ ഹെയറും ഉള്‍പ്പെടെ നമുക്ക് ഓര്‍മ വരും. ചിലത് അവര്‍ക്ക് കാണുമ്പോള്‍ മനസിലാകും ഇത് ഇങ്ങനെയല്ല വേണ്ടത്. ചെയ്ത് നോക്കുമ്പോഴുള്ള വ്യത്യാസം അതൊക്കെയാണ് എന്നൊക്ക എന്നോട് പറഞ്ഞിരുന്നു,’ ധ്യാന്‍ പറഞ്ഞു.

ജയിലറാണ് ധ്യാനിന്റേതായി റിലീസ് ചെയ്യാനുള്ള പുതിയ ചിത്രം. ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് വലിയ വിവാദങ്ങളും ഉടലെടുത്തിരുന്നു. രജിനികാന്ത് നായകനായെത്തുന്ന തമിഴ് ചിത്രം ജയിലറും ധ്യാന്‍ ചിത്രം ജയിലറും ഒരേ ദിവസം തന്നെയാണ് റിലീസ് നിശ്ചിയിച്ചിരുന്നത്. ചിത്രത്തിന്റെ പേരിന് പിന്നാലെ നടന്ന വിവാദങ്ങള്‍ക്ക് പിന്നാലെ റിലീസ് തീയതിയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു.

ധ്യാന്‍ ചിത്രം ജയിലറിന്റെ റിലീസിനായി തിയേറ്ററുകള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ രംഗത്തെത്തിയിരുന്നു. ഫിംലിം ചേംബറിന് മുമ്പില്‍ അദ്ദേഹം പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ റിലീസ് ദിനം അടുക്കവെ തന്റെ ചിത്രത്തിന്റെ ഡേറ്റ് നീട്ടുകയാണെന്ന് സക്കീര്‍ മഠത്തില്‍ പ്രഖ്യാപിച്ചിരുന്നു.

 

നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഒരാഴ്ച കഴിഞ്ഞാകും ചിത്രത്തിന്റെ റിലീസ് എന്നും തന്റെ ചിത്രവും രജിനികാന്തിന്റെ ചിത്രവും തമ്മില്‍ വളരെ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രെന്‍ഡിങ് കേരളം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ജയിലര്‍ എന്ന രണ്ട് ചിത്രങ്ങള്‍ തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഒരു ലോറിയും കാറും പോലെയുള്ള വലുപ്പ വ്യത്യാസം ഈ രണ്ട് ചിത്രങ്ങള്‍ തമ്മിലുണ്ട്. ആര്‍ട്ടിസ്റ്റിന്റെ കാര്യത്തിലായാലും ബഡ്ജറ്റിന്റെ കാര്യത്തിലായാലും. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമല്ല.

ജയിലര്‍ എന്ന പേരില്‍ ഒരു അവകാശം, അതായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. ഇപ്പോള്‍ അവരുടെ ഭാഗത്തുനിന്നും ഒരു അയവു വന്നിട്ടുണ്ട്. അവരായിരുന്നു കേസ് കൊടുത്ത്, ഇപ്പോള്‍ കേസ് ഒന്നും വേണ്ടെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.

ഞാന്‍ ഒരു പ്രശ്‌നക്കാരന്‍ അല്ല, ഇങ്ങോട്ട് പ്രശ്‌നം ഉണ്ടാക്കാന്‍ വന്നപ്പോള്‍ ഞാന്‍ മീഡിയയെ ഒക്കെ വിളിച്ചു. ഇനി പ്രശ്‌നങ്ങള്‍ ഒന്നും വേണ്ട, നല്ല രീതിയില്‍ പോകാം എന്നാണ് ചെന്നൈയില്‍നിന്നും നമുക്ക് കിട്ടിയ വിവരം.

എല്ലാം നല്ല രീതിയില്‍ പോകാനായിട്ട് സിനിമയുടെ റിലീസ് ഒരാഴ്ച മുന്നോട്ട് നീക്കിയിട്ടുണ്ട്. തിയേറ്ററുകാരും, ഫിയോക്ക് എന്ന സംഘടനയും എന്നോട് പറഞ്ഞു സിനിമയുടെ നല്ലതിനുവേണ്ടി കുറച്ച് നീക്കിവെക്കുന്നതാണ് നല്ലതെന്ന്. അത് ഞാന്‍ അനുസരിച്ചു. കാരണം അവര്‍ ഒരുപാട് അനുഭവങ്ങള്‍ ഉള്ള ആളുകളാണ്.

അവര്‍ക്ക് (തമിഴ് ജയിലര്‍ ടീം) അവരുടേതായ പ്രശ്‌നങ്ങളും പരിമിതികളും ഉണ്ട്. എനിക്കൊരു പ്രശ്‌നക്കാരന്‍ ആവാന്‍ താല്‍പര്യമില്ല. കുറച്ച് സിനിമകള്‍ എടുക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. തിയേറ്ററുകാരെയൊക്കെ നമുക്ക് നാളെയും ആവശ്യമുള്ളതാണ്.

ഇപ്പോള്‍ ഏകദേശം അറുപതോളം തിയേറ്ററുകളാണ് കിട്ടിയിരിക്കുന്നത്. ഒന്ന് ആഞ്ഞുപിടിച്ചാല്‍ എഴുപത്തിയഞ്ചോളം തിയേറ്ററുകള്‍ കിട്ടും. എന്നാലും ഒരു തിയേറ്ററില്‍ തന്നെ രണ്ട് സിനിമയും വന്നാല്‍ ആദ്യത്തെ ആഴ്ച തന്നെ കണ്‍ഫ്യൂഷന്‍ ഉണ്ടാകും. തമിഴ് പടത്തിന് ടിക്കറ്റെടുത്ത ആള്‍ ഇവിടെ കേറും, ഇവിടേക്ക് എടുത്ത ആള്‍ അവരുടെ പടത്തിനും.

എന്നെ പലരും ട്രോളിയതും അങ്ങനെയാണ്. രജിനികാന്തിന്റെ പടത്തിന് ടിക്കറ്റ് എടുത്ത ആള്‍ മാറി കയറുന്നത് എന്റെ പടത്തിനാകും എന്ന് പറഞ്ഞവര്‍ ഉണ്ട്. നമ്മുടെ തന്നെ ഓഡിയന്‍സ് വന്ന് കണ്ട് വിജയിപ്പിക്കുക എന്ന ആഗ്രഹം മാത്രമാണ് എനിക്കുള്ളത്,’ സക്കീര്‍ മഠത്തില്‍ പറഞ്ഞു.

 

Content Highlight: Dhyan Sreenivasan about Mammootty’s look in Dhruvam