അടുത്തിടെ ശ്രീനിവാസന്റേയും കുടുംബത്തിന്റേയും പഴയൊരു അഭിമുഖം വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്നേ കൈരളി ചാനല്‍ എടുത്ത അഭിമുഖം വീണ്ടും പുറത്ത് വന്നതിന് പിന്നാലെ നിരവധി ട്രോളുകളും ഉയര്‍ന്നിരുന്നു. അത്രയ്ക്കും രസകരമായിട്ടായിരുന്നു ശ്രീനിവാസനും കുടുംബവും അഭിമുഖത്തിലെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
ഇതില്‍ ഏറ്റവുമധികം ചര്‍ച്ചയായത് മീര ജാസ്മിനോടും നവ്യ നായരോടും വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും തോന്നിയ ഇഷ്ടത്തെ പറ്റിയുള്ള പരാമര്‍ശങ്ങളായിരുന്നു. അന്നു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിരുന്നുവെന്നും തന്റെ ലുക്കിനെ പറ്റി മാത്രമേ ആശങ്ക ഉണ്ടായിരുന്നുള്ളൂവെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പഴയ അഭിമുഖത്തെ പറ്റി ധ്യാന്‍ പറഞ്ഞത്.
‘അന്ന് എനിക്ക് ഓര്‍മയുണ്ട്. മീര ജാസ്മിന്‍ നവ്യ നായര്‍. ഇവര്‍ രണ്ട് പേരുമേ പറ്റൂ. ഞാനും ചേട്ടനും തമ്മില്‍ ഇക്കാര്യത്തില്‍ അന്നേ ഡിസ്‌കഷന്‍ ഉണ്ടായിരുന്നു. വെള്ളിത്തിരയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ തകര്‍ന്നു പോയി. നന്ദനം പോലെയുള്ള കുടുംബസിനിമകള്‍ ചെയ്തു നില്‍ക്കുന്ന നവ്യയുടെ വെള്ളിത്തിരയിലെ പോസ്റ്റര്‍ കണ്ടപ്പോള്‍ വിഷമിച്ച് പോയി.
ആ സമയത്ത് മീര ജാസ്മിന്റെ ബാല എന്നൊരു തമിഴ് പടമുണ്ട്. അതിലെ പാട്ട് കണ്ട് ചേട്ടന്‍ തകര്‍ന്നിരിക്കുന്നു. ഇപ്പുറത്തെ റൂമില്‍ ഞാന്‍ തകര്‍ന്നിരിക്കുന്നു. രണ്ടുപേരും അതോടെ വിട്ടു.
കല്യാണം കഴിക്കുകയാണെങ്കില്‍ നവ്യേനെ പോലെയും മീര ജാസ്മിനെ പോലെയുമുള്ളവരെ കല്യാണം കഴിക്കണമെന്ന് വലിയ സ്വപ്‌നങ്ങളായിരുന്നു. അതോടെ നിര്‍ത്തി (ചിരിക്കുന്നു). മലയാളി കുട്ടികളാണെങ്കില്‍ ഇങ്ങനെയിരിക്കണം അടക്കവും ഒതുക്കവും എന്നതൊക്കെയായിരുന്നു അന്നത്തെ സങ്കല്പങ്ങള്‍,’ ധ്യാന്‍ പറഞ്ഞു.
‘ഇന്റര്‍വ്യൂ കണ്ടിട്ട് ആള്‍ക്കാര്‍ പോസിറ്റീവായിട്ടാണ് സംസാരിച്ചത്. അന്നത്തെ ഫാഷന്‍ എന്നൊക്കെ പറയുന്നത് മുടി എണ്ണ തേച്ച് സൈഡിലോട്ട് ചീകി വെക്കുന്നതായിരുന്നു. അന്ന് വിചാരിച്ചത് ഋത്വിക് റോഷനാണെന്നായിരുന്നു. ഇന്ന് കണ്ടിട്ട് എന്ത് കിഴങ്ങനാണെന്ന് തോന്നി. അന്ന് പറഞ്ഞതൊക്കെ സത്യമാണ്.
ചിലര്‍ പറഞ്ഞു കുഞ്ഞിരാമായണത്തിലെ പൊട്ടനെ പോലുണ്ടായിരുന്നു എന്ന്. ഞാന്‍ നോക്കിയപ്പോള്‍ കറക്ട്.
അച്ഛന്‍ എന്തും വെട്ടിത്തുറന്ന് പറയുന്നയാളാണല്ലോ. ഞങ്ങള്‍ പുള്ളീടെ മക്കളാണല്ലോ. അതുകൊണ്ട് ഞങ്ങളും വെട്ടിത്തുറന്ന് പറയുന്നു,’ ധ്യാന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: dhyan sreenivasan about kairali interview