| Wednesday, 7th August 2024, 3:36 pm

അന്ന് ഞാന്‍ വലിയ ഫിലിം ക്രിട്ടിക്കായിരുന്നു, 'കഥപറയുമ്പോള്‍' പൊട്ടുമെന്ന് അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി 2007ല്‍ റിലീസായ ചിത്രമാണ് കഥ പറയുമ്പോള്‍. ബാര്‍ബര്‍ ബാലനും സൂപ്പര്‍സ്റ്റാര്‍ അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. മമ്മൂട്ടിയുടെ ഗംഭീര പെര്‍ഫോമന്‍സായിരുന്നു അവസാന 20 മിനിറ്റില്‍ കാണാന്‍ സാധിച്ചത്.

എന്നാല്‍ ചിത്രത്തിന്റെ എഡിറ്റേഴ്‌സ് കോപ്പി താന്‍ അന്ന് കണ്ടിരുന്നെന്നും ക്ലൈമാക്‌സില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് മാത്രമേ ഇഷ്ടപ്പെട്ടുള്ളൂവെന്ന് ധ്യാന്‍ പറഞ്ഞു. താന്‍ ആ സിനിമ കണ്ടതറിഞ്ഞ ശ്രീനിവാസന്‍ തന്നോട് അഭിപ്രായം ചോദിച്ചെന്നും ഫസ്റ്റ് ഹാഫ് ഭയങ്കര ലാഗാണെന്നും പടം പൊട്ടാനാണ് ചാന്‍സെന്ന് അച്ഛനോട് പറഞ്ഞുവെന്നും ധ്യാന്‍ പറഞ്ഞു.

അക്കാലത്ത് താന്‍ സ്വയംപ്രഖ്യാപിത ഫിലിം ക്രിട്ടിക് ആയിരുന്നെന്നും ധ്യാന്‍ പറഞ്ഞു.തന്റെ ഏറ്റവും വലിയ പേടി സിനിമയെങ്ങാനും പൊട്ടുമോ എന്നായിരുന്നുവെന്ന് ധ്യാന്‍ പറഞ്ഞു. ആ സിനിമ നിര്‍മിച്ചത് അച്ഛനായതുകൊണ്ട് സിനിമ പൊട്ടിയാല്‍ കുടുംബത്തിന്റെ കാര്യം എന്താകുമെന്ന് ആലോചിച്ച് ടെന്‍ഷനടിച്ചുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ ചിത്രമായ സൂപ്പര്‍ സിന്ദഗിയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘കഥ പറയുമ്പോള്‍ സിനിമയുടെ എഡിറ്റിങ്ങൊക്കെ കഴിഞ്ഞ ശേഷം അതിന്റെ ഒരു കോപ്പി അച്ഛന് കാണാന്‍ വേണ്ടി അയച്ചുകൊടുത്തിരുന്നു. അച്ഛന്‍ വീട്ടിലില്ലാത്തതുകൊണ്ട് ഞാനാണ് ആ സിനിമ കണ്ടത്. ഫസ്റ്റ് ഹാഫൊക്കെ അന്യായ ലാഗായിട്ടാണ് തോന്നിയത്. അച്ഛന്‍ വന്ന സമയത്ത് ആ സിനിമ ഞാന്‍ കണ്ടെന്നറിഞ്ഞു. എങ്ങനെയുണ്ടെന്ന് എന്നോട് ചോദിച്ചപ്പോള്‍ ഒടുക്കത്തെ ലാഗാണ്, മിക്കവാറും പൊട്ടും എന്ന് ഞാന്‍ പുള്ളിയുടെ മുഖത്ത് നോക്കി പറഞ്ഞു.

ഞാനന്ന് വലിയ സ്വയംപ്രഖ്യാപിത ഫിലിം ക്രിട്ടിക്കായിരുന്നു. എന്ത് കണ്ടാലും ഞാന്‍ വിമര്‍ശിക്കും. ആ സിനിമയില്‍ മക്കളോട് സംസാരിക്കുന്ന ഡയലോഗ് ബോറാണ്, കുറെ അനാവശ്യ കോമഡിയുണ്ട് എന്നൊക്കെ അച്ഛനോട് പറഞ്ഞു. പക്ഷേ പടം പൊട്ടുമോ എന്ന് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കാരണം, അച്ഛന്‍ ആ സിനിമയുടെ പ്രൊഡ്യൂസര്‍മാരിലൊരാളാണ്. എങ്ങാനും പടം പൊട്ടിയാല്‍ കുടുംബത്തിന്റെ അവസ്ഥ എന്താകുമെന്ന് ആലോചിച്ചിരുന്നു,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about Kadha Parayumbol movie and Sreenivasan

We use cookies to give you the best possible experience. Learn more