തിരയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ധ്യാന്‍ അഭിനയിക്കുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവ് മോഹന്‍ലാലാണ് മറ്റൊരു നായകന്‍. 1970കളില്‍ ചെന്നൈയിലെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ബേസില്‍ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. നിവിന്‍ പോളി അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിന്റെ സമയത്തെ രസകരമായ അനുഭവങ്ങള്‍ ധ്യാന്‍ പങ്കുവെച്ചു. പ്രണവ് ഈ സിനിമയില്‍ ഒരിടത്തുപോലും മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താന്‍ ഇമിറ്റേറ്റ് ചെയ്തിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു. ട്രെയ്‌ലറില്‍ ഒരു ഷോട്ട് കണ്ടിട്ട് ഒരാള്‍ അത് മോഹന്‍ലാലാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ കഥയൊന്നും ഇപ്പോള്‍ തന്നെ പറയരുതെന്ന് വിനീത് ധ്യാനിനെ വിലക്കുന്നുമുണ്ട്.
‘ഈ സിനിമയില്‍ പ്രണവ് ഒരിക്കല്‍ പോലും ലാലേട്ടനെ ഇമിറ്റേറ്റ് ചെയ്യാന്‍ നോക്കിയിട്ടില്ല. പക്ഷേ അവന് ലാലങ്കിളിന്റെ സിമിലാരിറ്റി പല സീനിലും ഉണ്ട്. ആ മീശ പിരിക്കലും, പിന്നെ അവനെ ചില ഭാഗത്ത് നിന്ന് നോക്കുമ്പോഴും നമുക്ക് ലാലങ്കിളിനെപ്പോലെ തോന്നും. പക്ഷേ ഈ സിനിമയില്‍ ലാലങ്കിളിനെ ഇമിറ്റേറ്റ് ചെയ്ത ഒരാള് മാത്രമേ ഉള്ളൂ. അത് ഞാനാ.
ട്രെയ്‌ലറില്‍ ആ ഷോട്ട് കാണിക്കുന്നുണ്ട്. ബാക്ക് ഷോട്ടാണ് അത്. അത് കണ്ടിട്ട് ഒരാള് കമന്റിട്ടിട്ടുണ്ട്. ഈ സിനിമയില്‍ ലാലേട്ടനുണ്ടെന്ന്. ആക്ച്വലി അത് ഞാനാ. ട്രെയ്‌ലര്‍ കണ്ട് പലരും അത് ലാലങ്കിളാണെന്ന് വിചാരിച്ചിരിക്കുകയാണ്. ആ ഷോട്ട് എടുത്തപ്പോള്‍ സിനിമയുടെ അസോസിയേറ്റ് അത് കണ്ടിട്ട് ലാലേട്ടനെപ്പോലെ ഉണ്ടെന്നൊക്കെ പറഞ്ഞു. ആ തോള്‍ ചെരിച്ചുള്ള നടത്തമൊക്കെ ലാലേട്ടനെ ഇമിറ്റേറ്റ് ചെയ്തതാണ്,’ ധ്യാന്‍ പറഞ്ഞു.
എന്നാല്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ സിനിമയുടെ കഥയെങ്ങാനും പറയുമോ എന്ന് പേടിച്ച് ഇടക്കിടക്ക് ധ്യാനിനെ വിനീത് തടയുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ഹാഫ് മാത്രം കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് ധ്യാന്‍ സിനിമക്ക് ഓക്കെ പറഞ്ഞതെന്ന് കഴിഞ്ഞ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എപ്രില്‍ 11ന് തിയേറ്ററുകളിലെത്തും.
Content Highlight: Dhyan Sreenivasan about imitating Mohanlal in Varshangalkku Sesham movie