| Tuesday, 9th April 2024, 7:37 am

ഏട്ടനെ പറ്റിച്ചിട്ട് ഒരു ഷോർട്ട് ഫിലിം ചെയ്തു; ആക്ടറിന് കാശുകൊടുക്കാൻ ഇല്ലാത്തതുകൊണ്ട് കയറി അഭിനയിച്ചു: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര പുത്രന്മാരാണ് ധ്യാൻ ശ്രീനിവാസനും വിനീതും. വിനീതിന്റെ തന്നെ തിര എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. ശേഷം ഹാസ്യതാരമായും നായകനായും തിളങ്ങിയ ധ്യാൻ ലവ് ആക്ഷൻ ഡ്രാമയെന്ന സിനിമയിലൂടെ സംവിധായക കുപ്പായവുമണിഞ്ഞു. ഇപ്പോൾ അഭിമുഖങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ. സിനിമകൾ പോലെ താരത്തിന്റെ അഭിമുഖങ്ങൾക്കും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.

തിരയിലേക്ക് തന്നെ നായകനാക്കാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. വിനീതിനോട് തന്നെ നായകനാക്കാനുള്ള കാര്യം ചോദിച്ചിരുന്നെന്നും ധ്യാൻ പറഞ്ഞു. ഏട്ടനെ പറ്റിച്ച് ചെയ്ത ഷോട്ട് ഫിലിമിൽ ആക്ടറിന് കാശുകൊടുക്കാൻ ഇല്ലാത്തതുകൊണ്ട് താൻ തന്നെ കയറി അഭിനയിച്ചെന്നും അതിലെ അഭിനയം കണ്ടിട്ടാണ് തിരയിലേക്ക് വിളിക്കുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘തിര സിനിമയിൽ എന്നെ നായകനാക്കാനുള്ള കാരണം ഞാൻ ചോദിച്ചിരുന്നു. ഞാൻ ഏട്ടനെ പറ്റിച്ചിട്ട് ഒരു ഷോർട്ട് ഫിലിം ചെയ്തിട്ട് അതിൽ ആക്ടറിന് കാശുകൊടുക്കാൻ ഇല്ലാത്തതുകൊണ്ട് ഞാൻ തന്നെ കയറി അഭിനയിച്ചു. അത് കണ്ടിട്ടാണ് ഏട്ടൻ എന്നെ തിരയിലേക്ക് വിളിക്കുന്നത്. അന്ന് രാജേഷേട്ടന്റെ അസിസ്റ്റ് ഉണ്ടായിട്ട് അതിൽ വർക്ക് ചെയ്തിട്ടുണ്ട്. കുഴപ്പമില്ല അവൻ അഭിനയിക്കും എന്ന് പറഞ്ഞിട്ടാണ് തിരയിലേക്ക് വിളിക്കുന്നത്. അന്ന് തിരയിൽ അസിസ്റ്റന്റ് ആയിരുന്നു ബേസിൽ,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധ്യാനിനിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും പുറമെ അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.

വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

Content Highlight: Dhyan sreenivasan about his short film

We use cookies to give you the best possible experience. Learn more