കുഞ്ഞിരാമായണത്തില്‍ അഭിനയിച്ചതിനെത്തുടര്‍ന്ന് തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചുള്ള രസകരമായ മറുപടിയുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലെ ധ്യാനിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ധ്യാന്‍ ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം രസകരമായി മറുപടി പറയുന്നത്.
”ഞാന്‍ തിര സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്തൊക്കെ ദേഷ്യക്കാരനായിരുന്നു. തിരയിലുള്ള ആ ആംഗ്രി യങ് മാന്‍ ആയിരുന്ന എന്നെക്കൊണ്ട് ഈ ബേസില്‍ എന്ന് പറയുന്ന അവന്‍ കുഞ്ഞിരാമായണം ചെയ്യിപ്പിച്ച് എന്നെ പൊട്ടനാക്കി.
പൊട്ടനാക്കിയതോട് കൂടി എന്റെ ഇമേജ് മൊത്തം തകര്‍ന്നു. അര്‍ജുന്‍ റെഡ്ഡിയായിരുന്ന എന്നെ പൊട്ടന്‍ ലാലുവാക്കി. പിന്നെ ഞാന്‍ ആംഗ്രി കാണിച്ചാലും പുറത്തുള്ള ആള്‍ക്കാര്‍, ആ കോമഡി കോമഡി എന്ന് പറയുന്ന അവസ്ഥയായി.
ഇപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടാല്‍ പോലും, ലാലുവിന്റെ ദേഷ്യം പോലെയേ കാണുന്നുള്ളൂ. കലിപ്പൊക്കെ കാണിക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഇപ്പൊ ചിരിയാ വരുന്നത്.
ഈയടുത്ത് പൊലീസായി സിനിമ ചെയ്തപ്പോഴും, ആളുകള്‍ കോമഡി കോമഡി എന്ന് പറഞ്ഞു.
പക്ഷെ എനിക്ക് കുഴപ്പമില്ല, ബേസിലിനും ആ പൊട്ടന്‍ ഇമേജുണ്ട്. മരപ്പൊട്ടന്‍ ഇമേജാണ് അവന്, ആ ജാന്‍ എ മന്‍ ഒക്കെയില്ലേ. പിന്നെ വേറൊരു കാര്യമുണ്ട്, അവന്റെ ആ ഇമേജ് മാത്രമല്ല, അവന്‍ ജീവിതത്തിലും അങ്ങനെയാ,” ധ്യാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെയാണ് ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചതിന് പുറമെ സിനിമയുടെ തിരക്കഥയും ധ്യാനിന്റേതാണ്.
ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്തത്.
ദിലീഷ് പോത്തന്‍, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരാണ് പ്രകാശന്‍ പറക്കട്ടെയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ ചേര്‍ന്നുള്ള പ്രൊഡക്ഷന്‍ കമ്പനിയായ ഫണ്‍ടാസ്റ്റിക് ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Dhyan Sreenivasan about his role in Basil Joseph film Kunjiramayanam