| Monday, 2nd December 2024, 8:13 am

ആവേശം സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് പറഞ്ഞതിന് ഞാന്‍ കേള്‍ക്കാത്ത തെറിയില്ല: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം 1980കളില്‍ ചെന്നൈയിലെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറഞ്ഞത്. ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിയോളം നേടിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങി.

ഫഹദ് നായകനായ ആവേശത്തിനൊപ്പമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്തത്. ആവേശത്തിന്റെ റിവ്യൂ ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതിനെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് പ്രമോഷന്‍ തുടങ്ങിയപ്പോള്‍ തന്നെ തനിക്കും മറ്റുള്ളവര്‍ക്കും ചെറുതായി പേടിയുണ്ടായിരുന്നുവെന്ന് ധ്യാന്‍ പറഞ്ഞു.

ആവേശം പക്കാ കൊമേഴ്‌സ്യല്‍ സിനിമയാണെന്ന് ആദ്യമേ മനസിലായെന്നും ഇപ്പുറത്ത് തങ്ങളുടെ സിനിമയില്‍ സ്ഥിരം ചെന്നൈ പാസവും ബാക്കി കാര്യങ്ങളും മാത്രമേ ഉള്ളുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. വിനീത് ആദ്യം മുതല്‍ പ്രൊമോഷന് ഇറങ്ങിയിട്ടും കാര്യമായ ചലനമൊന്നുമില്ലായിരുന്നെന്നും പിന്നീട് താനും ബേസിലും കൂടിയാണ് ഇന്റര്‍വ്യൂകളില്‍ തമാശകള്‍ പറഞ്ഞ് ഹൈപ്പ് കൂട്ടിയതെന്നും ധ്യാന്‍ പറഞ്ഞു.

എന്നാല്‍ സിനിമയില്‍ കാര്യമായ തമാശകള്‍ ഇല്ലായിരുന്നെന്നും നിവിന്‍ പോളി വരുന്ന സീന്‍ മാത്രമാണ് കുറച്ചെങ്കിലും ഹൈ ആയതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയുള്ളപ്പോള്‍ തന്നോട് ആവേശത്തിന്റെ റിവ്യൂ ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് പറഞ്ഞെന്നും അതിന്റെ പേരില്‍ താന്‍ കേള്‍ക്കാത്ത തെറികളില്ലെന്നും ധ്യാന്‍ പറഞ്ഞു. അമ്മ സംഘടനയുടെ പ്രത്യേക ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.

‘വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. കാരണം ഇതില്‍ സ്ഥിരം ചെന്നൈ പാസവും ഡ്രാമയും മാത്രമേയുള്ളൂ. ഏട്ടന്‍ ആദ്യം തൊട്ട് പ്രൊമോഷന്‍ ചെയ്തിട്ടും വലിയ ചലനമുണ്ടാക്കിയില്ല. പ്രണവും കല്യാണിയും നിവിനും പ്രൊമോഷന് വരില്ല. പിന്നെ ഞാനും ബേസിലും കൂടെ എല്ലാ ഇന്റര്‍വ്യൂകളിലും തമാശകള്‍ പറഞ്ഞ് കുറച്ചെങ്കിലും ഹൈപ്പ് കേറ്റിവെച്ചു.

പടം റിലീസായിക്കഴിഞ്ഞിട്ട് എന്തെങ്കിലുമൊക്കെ പറയണമെന്ന് വിചാരിച്ചപ്പോഴാണ് ഒരുത്തന്‍ ആവേശം എങ്ങനെയുണ്ടെന്ന് ചോദിച്ചത്. അത് പക്കാ കൊമേഴ്‌സ്യല്‍ പടമാണെന്ന് അറിയാമായിരുന്നു. എന്നാലും സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ഞാന്‍ ചുമ്മാ തട്ടിവിട്ടു. ‘എന്തിനാ അങ്ങനെ പറയാന്‍ പോയത്’ എന്ന് ഏട്ടന്‍ ചോദിച്ചു. എന്റെ റിവ്യൂ ഇവിടെ ആരും സീരിയസായി എടുക്കില്ലെന്ന് നല്ലോണം അറിയാം. എന്നാലും അതിന്റെ പേരില്‍ ഞാന്‍ കേള്‍ക്കാത്ത തെറിയില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about his review of Aavesham movie

Latest Stories

We use cookies to give you the best possible experience. Learn more