| Sunday, 28th July 2024, 5:46 pm

ഏട്ടന് ഇത്രയും കഴിവുണ്ടായിരുന്നോ എന്ന് തോന്നിയത് ആ സിനിമ കണ്ടപ്പോഴാണ്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമകളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. 2012ല്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്താണ് വിനീത് സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ധ്യാന്‍ പറഞ്ഞു. വിനീതിന് ഇത്രയും കഴിവുണ്ടോ എന്നാണ് തട്ടത്തിന്‍ മറയത്ത് കണ്ടപ്പോള്‍ തനിക്ക് തോന്നിയതെന്നും ധ്യാന്‍ പറഞ്ഞു.

ആ സിനിമയുടെ ബേസിക് കഥ മാത്രമേ തനിക്ക് അറിയുള്ളുവായിരുന്നെന്നും കോഴിക്കോട് വെച്ച് ആദ്യദിവസം ആ സിനിമ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നും ധ്യാന്‍ പറഞ്ഞു. ഇന്ന് കാണുമ്പോഴും വല്ലാത്തൊരു ഫ്രഷ് ഫീല്‍ ആ സിനിമക്കുണ്ടെന്നും പിന്നീട് വിനീത് ചെയ്ത സിനിമകളൊന്നും തട്ടത്തിന്‍ മറയത്ത് പോലെ വന്നിട്ടില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘ഏട്ടന്‍ ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് തട്ടത്തിന്‍ മറയത്താണ്. 12 വര്‍ഷമായി തട്ടത്തിന്‍ മറയത്ത് റിലീസായിട്ട്. ഇന്ന് കാണുമ്പോഴും വല്ലാത്തൊരു ഫ്രഷ് ഫീല്‍ ആ സിനിമക്കുണ്ട്. ഏട്ടന് ഇത്രയും കഴിവുണ്ടോ എന്നാണ് ആ സിനിമ കാണുമ്പോള്‍ എനിക്ക് തോന്നിയത്. തട്ടത്തിന്‍ മറയത്തിന്റെ ബേസിക് പ്ലോട്ട് മാത്രമേ ഏട്ടന്‍ എനിക്ക് പറഞ്ഞ് തന്നുള്ളൂ. എങ്ങനെയാണ് ആ സിനിമ എടുക്കുന്നതൊന്നും എനിക്ക് ധാരണയുണ്ടായിരുന്നില്ല.

ആ സമയത്ത് ഞാന്‍ മാമന്റെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഫസ്റ്റ് ഡേ കോഴിക്കോട് അപ്‌സരയില്‍ നിന്നാണ് ഞാന്‍ ആ സിനിമ കണ്ടത്. ഓരോ സീനിനും വല്ലാത്ത ഫ്രഷ്‌നസ്സായിരുന്നു. തട്ടത്തിന്‍ മറയത്തിന് ശേഷം ഏട്ടന്‍ ചെയ്ത ബാക്കി സിനിമകളൊന്നും ഇതിന്റെ ലെവലില്‍ വന്നിട്ടില്ല. ഞാനിത് ഏട്ടനോട് പറഞ്ഞിട്ടുമുണ്ട്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about his favorite movie directed by Vineeth Sreenivasan

We use cookies to give you the best possible experience. Learn more