അഭിനയവും സംവിധാനവുമല്ല, സിനിമയിലെ എന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു; അത് മുന്നിൽ കണ്ടാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചതും: ധ്യാൻ ശ്രീനിവാസൻ
സിനിമയിൽ അഭിനയിക്കണമെന്ന് താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. തനിക്ക് ആദ്യകാലത്ത് ക്യാമറാമാൻ ആകാനായിരുന്നു താത്പര്യമെന്നും അതിനുവേണ്ടിയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചതെന്നും ധ്യാൻ പറയുന്നുണ്ട്. അഭിനയം താൻ ആഗ്രഹിച്ചതല്ലെന്നും അതിലേക്ക് തന്നെ എത്തിച്ചത് വിനീത് ശ്രീനിവാസനാണെന്നും ധ്യാൻ പറഞ്ഞു. തന്റെ ഇപ്പോഴത്തെ ആഗ്രഹം സംവിധാനമാണെന്നും ക്യാമറാമാൻ എന്ന മോഹവും ഉള്ളിൽ തന്നെയുണ്ടെന്നും ധ്യാൻ കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയെ മൊത്തത്തിൽ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് സമീപകാലത്താണ്. ശരിക്കും ഒരു ക്യാമറാമാൻ ആവാനായിരുന്നു ആദ്യകാലത്തെ താത്പര്യം. ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചതും ആ ലക്ഷ്യം മുന്നിൽ കണ്ടുതന്നെ. അഭിനയം ഒരിക്കലും ആഗ്രഹിച്ചതല്ല. ആ വഴിയിലേക്ക് എന്നെ എത്തിച്ചത് ഏട്ടൻ വിനീത് ശ്രീനിവാസനാണ്.
ഏട്ടന്റെ മൂന്നാമത്തെ സിനിമയായ തിര സംവിധാനം ചെയ്തപ്പോൾ എന്നെ അതിലെ നായകനാക്കി. പിന്നെ ഞാൻ പല ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോൾ ഞാൻ അഭിനയിച്ചു കൊണ്ടേയിരിക്കുന്നു. പക്ഷേ എന്റെ ഇപ്പോഴത്തെ പ്രധാന മോഹം സംവിധായകനാവുക എന്നുതന്നെയാണ്, വൈകാതെ ഞാൻ ആ വഴിയിലേക്ക് തിരിയും. ക്യാമറാമാൻ എന്ന മോഹവും ഉള്ളിൽ തന്നെയുണ്ട്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
തന്റെ പുതിയ ചിത്രങ്ങളായ ചീനാ ട്രോഫിയും ബുള്ളറ്റ് ഡയറീസും ഏറെ പ്രതീക്ഷയുള്ളതാണെന്നും ധ്യാൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ചീനാ ട്രോഫിയും ബുള്ളെറ്റ് ഡയറീസും ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. ടി.പി. ബാലഗോപാലൻ എം.എ. പോലെ രസിച്ചു കണ്ടിരിക്കാൻ കഴിയുന്ന ചിത്രമാണ് ചീനാ ട്രോഫി. രസകരമാണ് അതിലെ കഥ.
അച്ചപ്പവും കുഴലപ്പവും മറ്റും വിറ്റ് ജീവിക്കുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ചൈനയിൽ നിന്നൊരു യുവതി വന്നെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ വളരെ രസകരമായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അനിൽ ലാലാണ് സംവിധായകൻ.
കണ്ണൂരിൽ ചിത്രീകരിച്ച ബുള്ളറ്റ് ഡയറീസും ഗ്രാമീണ ചിത്രമാണ്. ഒരു ബൈക്ക് മെക്കാനിക്കിന്റെ ബുള്ളറ്റ് കളഞ്ഞു പോകുന്നതും അതും തേടിയുള്ള യാത്രയുമാണ് ഇതിവൃത്തം. രാജേഷ് മണ്ടൂരാണ് സംവിധായകൻ,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
Content Highlight: Dhyan sreenivasan about his dream wotk in cinema