| Friday, 12th May 2023, 4:07 pm

അച്ഛന്‍ കോമഡി നടനാണെന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ കളിയാക്കും, അവരോട് അച്ഛന്റെ ജോലി മാറ്റിപ്പറഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുപ്പത്തില്‍ തന്റെ സുഹൃത്തുക്കളോട് അച്ഛന്‍ ബിസിനസുകാരന്‍ ആണെന്നാണ് പറയാറുണ്ടായിരുന്നതെന്ന് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ഹാസ്യ നടനാണെന്ന് അറിഞ്ഞാല്‍ സുഹൃത്തുക്കള്‍ കളിയാക്കുമെന്നും തിരക്കഥാകൃത്താണെന്ന് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ലെന്നും ധ്യാന്‍ പറഞ്ഞു. കാന്‍ചാനല്‍മീഡിയിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലത്ത് അച്ഛനെ കണ്ടിട്ടേയില്ല. ഇടക്ക് വന്നു പോയാലല്ലെ നമ്മള്‍ക്ക് മിസ് ചെയ്യുന്നു എന്നൊക്കെ പറയാന്‍ പറ്റൂ. അതുകൊണ്ട് തന്നെ അധികം മിസ് ചെയാറില്ല. അച്ഛനെക്കാളും ഞാന്‍ ശ്രീനിവാസന്‍ എന്ന നടനേയും എഴുത്തുക്കാരനേയുമാണ് കണ്ടിരുന്നത്. പിന്നെ ടി.വിയില്‍ കാണുന്നത് കൊണ്ടും അങ്ങനെ മിസ് ചെയ്യാറില്ല.

ചെന്നൈയിലേക്ക് താമസം മാറിയതോടയാണ് അച്ഛന്‍ -മകന്‍ ബന്ധം വന്നത്. അച്ഛനെ ആരും തിരിച്ചറിയാത്തത് കൊണ്ട് എപ്പോഴും കൂടെ ഉണ്ടാവാറുണ്ട്. ഞങ്ങള്‍ ഷട്ടില്‍ കളിക്കാറുണ്ട്. അച്ഛനെ ഒരു പട്ടിയും തിരിഞ്ഞു നോക്കാറില്ലാ.

നാട്ടില്‍ അച്ഛനെ കണ്ടുകഴിഞ്ഞാല്‍ ആളുകള്‍ പൊതിയാറുണ്ട്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ പല സുഹൃത്തുക്കള്‍ക്കും അച്ഛന്‍ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ ബിസിനസ്മാന്‍ ആണെന്നേ പറയാറുള്ളൂ. കാരണം കോമഡി അക്റ്റര്‍ അണെന്ന് പറഞ്ഞാല്‍ അവര്‍ കളിയാക്കും. ഇവന്‍മാരുടെ അടുത്ത് വലിയ റൈറ്റര്‍ ആണ് എന്നൊക്കെ പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ല,’ ധ്യാന്‍ പറഞ്ഞു.

താന്‍ അടുത്തില്ലാതാവുന്ന വിഷമം മകളെ അറിയിക്കാറില്ലെന്നും പോകുന്ന സ്ഥലങ്ങളിലെല്ലാം അവളേയും കൊണ്ടുപോവാറുണ്ടെന്നും ധ്യാന്‍ പറഞ്ഞു.

‘അച്ഛന്‍ ഇല്ലാത്തതിന്റെ വിഷമം എനിക്ക് അങ്ങനെ ഉണ്ടായിരുന്നില്ല. പക്ഷെ അങ്ങനെ ഒരു വിഷമം എന്റെ മകളെ അറിയിച്ചിട്ടില്ല. ഞാന്‍ പോകുന്ന സ്ഥലത്തേക്കെല്ലാം മകളെ കൊണ്ടുപോവാറുണ്ട്. പല ര്യജ്യങ്ങളിലും പല ആളുകളെയും കണ്ടതുകാരണം മകള്‍ക്ക് ഒരു കാര്യം മനസില്ലായി. ഞാന്‍ ആണ് ലോകത്തിലെ ഏറ്റവും വൃത്തിക്കെട്ട മനുഷ്യന്‍ എന്ന തോന്നല്‍ അവള്‍ക്ക് ഉണ്ടായിട്ടുണ്ട്. അതുക്കൊണ്ട് തന്നെ അച്ഛനെ നന്നാക്കുക എന്നതാണ് അവളുടെ ജീവിത ലക്ഷ്യം,’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: dhyan sreenivasan about his childhood and father

We use cookies to give you the best possible experience. Learn more