| Monday, 16th January 2023, 11:01 am

എന്റെ ജീവിതം സിനിമയാക്കിയാല്‍, ലാലേട്ടന്റെ ആ ഡയലോഗായിരിക്കും ടാഗ്‌ലൈന്‍: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയിച്ച സിനിമകളേക്കാള്‍ അഭിമുഖങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ജീവിതത്തില്‍ നടന്ന പല സംഭവങ്ങളും, വീട്ടിലെ കാര്യങ്ങളുമൊക്കെയാണ് ഇത്തരത്തില്‍ താരം അഭിമുഖങ്ങളിലൂടെയും മറ്റ് പരിപാടികളിലൂടെയും പങ്കുവെക്കാറുള്ളത്. അച്ഛന്‍ ശ്രീനിവാസനും സഹോദരന്‍ വിനീതുമൊക്കെ ഇത്തരം കഥകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.

ഫ്‌ളേവേഴ്‌സ് ചാനലിലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ തന്റെ മാതാപിതാക്കള്‍ അറിയാതെ ചെയ്ത കാര്യത്തെ കുറിച്ച് പറയുകയായിരുന്നു ധ്യാന്‍. നാല് വര്‍ഷത്തെ കോഴ്‌സ് ചെയ്യുന്നതിനായി തന്നെ പറഞ്ഞ് വിട്ടെന്നും എന്നാല്‍ വെറും ആറ് മാസം മാത്രമാണ് താന്‍ കോളേജില്‍ പോയതെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. പഠിത്തത്തെ കുറിച്ച് വീട്ടില്‍ നിന്നും ചോദ്യങ്ങള്‍ വരുമ്പോള്‍ പല തരത്തിലുള്ള കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും പിന്നീട് മൂന്നര വര്‍ഷം കഴിഞ്ഞിട്ടാണ് ഈ കാര്യങ്ങള്‍ വീട്ടില്‍ അറിഞ്ഞതെന്നും താരം പറഞ്ഞു.

‘നാല് വര്‍ഷം പഠിക്കാനായി എന്നെ ഒരു കോളേജില്‍ കൊണ്ട് വിട്ടിരുന്നു. എന്നാല്‍ ഞാന്‍ വെറും ആറ് മാസം മാത്രമാണ് അവിടെ പഠിക്കാന്‍ പോയത്. ഒരു മൂന്ന് മൂന്നര കൊല്ലം ഞാന്‍ പോയില്ല. ഈ കാര്യം എന്റെ വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. ഏതാണ്ട് മൂന്നര കൊല്ലം കഴിഞ്ഞിട്ടാണ് ആ സത്യം അവര്‍ അറിയുന്നത്. ഞാന്‍ അത്രയും മാത്രമെ ചെയ്തിട്ടുള്ളു. അതൊരു തെറ്റൊന്നും അല്ലല്ലോ.

അന്ന് ഞാന്‍ ചെയ്തിരുന്ന കോഴ്‌സ് എഞ്ചിനിയറിങ്ങായിരുന്നു. വീട്ടുകാര്‍ ഇതൊന്നും അറിയാത്തതിന് ഒരു കാരണമുണ്ട്. ഞാന്‍ കോളേജില്‍ കൊടുത്തിരുന്ന അഡ്രസും ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളുമെല്ലാം തെറ്റായിരുന്നു. ഏതാണ്ട് മൂന്നര കൊല്ലം കഴിഞ്ഞ് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരാള്‍ അവിടെ ഇല്ലായിരുന്നു എന്നറിയുന്നത്.

വീട്ടില്‍ പോകുമ്പോള്‍ അച്ഛന്‍ ചോദിക്കും എന്തായി സെമസ്റ്റര്‍ പരീക്ഷയെന്ന്. അച്ഛാ ഒരു മൂന്ന് സപ്ലിയുണ്ടെന്ന് ഞാന്‍ പറയും. അപ്പോള്‍ അച്ഛന്‍ കരുതും മൂന്ന് സപ്ലിയുണ്ട് നാല് സപ്ലിയുണ്ട് എന്നൊക്കെ ഞാന്‍ സത്യസന്തമായി പറയുകയാണെന്ന്. ഇത് കേള്‍ക്കുമ്പോള്‍ അച്ഛന്‍ പറയും അതൊക്കെ ക്ലിയര്‍ ചെയ്ത് എടുക്കണമെന്ന്.

അടുത്ത തവണ പോകുമ്പോഴും അച്ഛന്‍ ഇതേ ചോദ്യങ്ങള്‍ തന്നെ എന്നോട് ചോദിക്കും. അപ്പോഴും മൂന്ന് നാല് സപ്ലിയുണ്ടെന്ന് ഞാന്‍ അച്ഛനോട് പറയും. ഏത് സപ്ലി എന്നൊന്നും അച്ഛന്‍ ചോദിക്കില്ല. അല്ലെങ്കില്‍ തന്നെ ഏത് സപ്ലിയാണ്. പരീക്ഷ എഴുതിയാലല്ലേ സപ്ലി കിട്ടൂ. അതിന് അങ്ങോട്ട് പോവുകയോ പരീക്ഷ എഴുതുകയോ ഞാന്‍ ചെയ്തിട്ടില്ല.

അങ്ങനെ കോളേജില്‍ പോകാതിരുന്ന വര്‍ഷങ്ങളില്‍ ഞാന്‍ അധോലോകം പോലെയൊരു ജീവിതമാണ് ജീവിച്ച് തീര്‍ത്തത്. എന്റെ ജീവിതം എന്നെങ്കിലും ഒരു സിനിമയാക്കുകയാണെങ്കില്‍ ഉറപ്പായും അന്നത്തെ കഥകളൊക്കെ ഞാന്‍ സ്‌ക്രീനില്‍ കാണിക്കും. നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന രീയിയിലായിരിക്കും സിനിമ പോകുന്നത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: dhyan sreenivasan about college life

We use cookies to give you the best possible experience. Learn more