| Sunday, 29th December 2024, 5:46 pm

 ഒരേ കാര്യം തന്നെയല്ലേ എല്ലാ സിനിമയിലും ബേസില്‍ ചെയ്തുകൊണ്ടിരിക്കുന്നത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകുന്ന കാര്യമാണ് ബേസില്‍ ജോസഫും ധ്യാന്‍ ശ്രീനിവാസനും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍. ഇരുവരും ഒന്നിച്ചുള്ള ഇന്റര്‍വ്യൂകളില്‍ പരസ്പരമുള്ള കളിയാക്കലുകളും ട്രോളുകളും പലരെയും ചിരിപ്പിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകള്‍ എല്ലാം രസകരമായിരുന്നു. ഓണ്‍ സ്‌ക്രീനിന് പുറമെ ഓഫ് സ്‌ക്രീനിലും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ധ്യാനും ബേസില്‍ ജോസഫും.

താനും ബേസിലും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ബേസിലിന് ഒരുപാട് ഹിറ്റ് സിനിമകള്‍ ഉണ്ടെങ്കിലും സിനിമകളുടെ എണ്ണത്തില്‍ താന്‍ സീനിയറാണെന്ന് ധ്യാന്‍ പറഞ്ഞു. എല്ലാ സിനിമയിലും ഒരേ ടൈപ്പ് അഭിനയമാണ് ബേസില്‍ കാഴ്ചവെക്കുന്നതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ വെറൈറ്റിയായിട്ടുള്ള സിനിമകള്‍ ചെയ്യുന്നുണ്ടെന്നും ധ്യാന്‍ പറഞ്ഞു.

മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ താനാണ് നായകനെന്നും ബേസിലിനെ അവര്‍ പരിഗണിച്ചില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ വിനീത് തന്നെയാണ് നായകനാക്കിയതെന്നും ബേസിലിനെ തന്നെ അസിസ്റ്റന്റാക്കിയെന്നും തമാശരൂപത്തില്‍ ധ്യാന്‍ പറഞ്ഞു. ആ സിനിമയില്‍ ബേസിലായിരുന്നു നായകനെങ്കില്‍ ആദ്യദിവസം തന്നെ ചിത്രം വാഷ് ഔട്ടായേനെയന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ഫില്‍മി മൂഡ്‌സിനോട് സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘ഈയടുത്ത് ചെയ്ത കുറച്ച് സിനിമ ഹിറ്റായപ്പോള്‍ അവന്‍ സൂപ്പര്‍സ്റ്റാറായെന്ന് ചിലര്‍ പറയുന്നുണ്ട്. പക്ഷേ, അവനെക്കാള്‍ ആക്ടിങ് എക്‌സ്പീരിയന്‍സ് എനിക്കുണ്ട്. ഞാനൊക്കെ ആക്ടറാണ്. സ്റ്റാര്‍ഡത്തോട് എനിക്ക് താത്പര്യമില്ല. മാത്രമല്ല, എല്ലാ സിനിമയിലും ഒരേ കാര്യം തന്നെയാണ് ബേസില്‍ ചെയ്തുവെച്ചിട്ടുള്ളത്.

അതിനപ്പുറത്തേക്ക് ചെയ്യാന്‍ അവന് അറിയില്ല. എന്റെ സിനിമകളെല്ലാം വെറൈറ്റിയാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം. വേറൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് പ്രൊഡ്യൂസ് ചെയ്യുന്ന പടത്തില്‍ ഞാനാണ് ഹീറോ. അവരാരും ബേസിലിനെ വിളിച്ചില്ല.

ഏട്ടന്റെ ഫേവറെറ്റ് അസിസ്റ്റന്റെന്ന് പറയുന്ന ബേസിലിന് പകരം എന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ നായകനാക്കിയത്. അവനെ എന്റെ അസിസ്റ്റന്റായിട്ടാണ് കാസ്റ്റ് ചെയ്തത്. അവനെക്കാള്‍ നല്ല നടന്‍ ഞാനായതുകൊണ്ടല്ലേ അങ്ങനെ ചെയ്തത്. ആ പടത്തില്‍ ബേസിലായിരുന്നു നായകനെങ്കില്‍ ഫസ്റ്റ് ഡേ തന്നെ വാഷ് ഔട്ട് ആയേനെ (ചിരിക്കുന്നു),’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan about Basil Joseph and Varshangalkku Sesham movie

We use cookies to give you the best possible experience. Learn more