|

ബേസിലിന് ഇപ്പോള്‍ വലിയ സാറ്റ്‌ലൈറ്റ് വാല്യൂ ഒക്കെ ഉണ്ടെന്നാണ് അവന്‍ തന്നെ പറയുന്നത്, സെറ്റില്‍ ഞങ്ങള്‍ തമ്മില്‍ ഉടക്കാണ്: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ചും നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.

ഷൂട്ടിനിടെ പലപ്പോഴും താന്‍ ക്യാരക്ടറില്‍ നിന്ന് പുറത്തുപോയിപ്പോകുമെന്നും എന്നാല്‍ ബേസില്‍ കറക്ടായിട്ട് തന്നെ കഥാപാത്രത്തെ പിടിക്കുമെന്നും ധ്യാന്‍ പറയുന്നു.

സെറ്റില്‍ ബേസിലും താനും തമ്മില്‍ എപ്പോഴും ഉടക്കാണെന്നും തന്നെ ഇന്റര്‍വ്യൂ സ്റ്റാര്‍ എന്ന് പറഞ്ഞ് കളിയാക്കലാണ് അവന്റെ ജോലിയെന്നും ധ്യാന്‍ പറയുന്നു. ചീന ട്രോഫി സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധ്യാന്‍.

‘ബേസില്‍ ഈ സിനിമയില്‍ ഉണ്ടല്ലോ. അതുകൊണ്ട് തന്നെ അവന്‍ സെറ്റില്‍ ഉണ്ടാകും. ഞങ്ങള്‍ തമ്മില്‍ എപ്പോഴും ഉടക്കാണ്. അവനെ ഞാന്‍ സാറ്റ്‌ലൈറ്റ് സ്റ്റാര്‍ എന്നാണ് വിളിക്കാറ്. അവനിപ്പോള്‍ വലിയ ബിസിനസൊക്കെ ഉണ്ടത്രേ. എന്നെ ഇന്റര്‍വ്യൂ സ്റ്റാര്‍ എന്ന് വിളിച്ചാണ് കളിയാക്കുക.

ഞങ്ങള്‍ തമ്മില്‍ നിരന്തരമായ ഉടക്ക് നടക്കുന്ന സമയത്ത് അവന്‍ എപ്പോഴും ക്യാരക്ടറിലായിരിക്കും. ഞാന്‍ ഔട്ട് ഓഫ് ക്യാരക്ടറായിപ്പോകും. അപ്പോള്‍ ഏട്ടന്‍ എന്നോട് പറയും, ‘നീ ഔട്ട് ഓഫ് ക്യാരക്ടറായിപ്പോകുന്നുണ്ട് ബേസില്‍ കറക്ടാണ്’ എന്ന്. ക്യാരക്ടര്‍ വിട്ടുപോകുമ്പോള്‍ പുള്ളി നമ്മളെ ഒന്ന് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി ശ്രമിക്കും.

സീന്‍ എടുക്കുന്നതിനിടെ മൈക്കില്‍ ഇങ്ങനെ വിളിച്ചുപറയും ‘ഔട്ട് ഓഫ് ക്യാരക്ടര്‍, ഔട്ട് ഓഫ് ക്യാരക്ടര്‍’ എന്ന്. പിന്നെ ഏട്ടന്റെ കൂടെ തിര ചെയ്തതുകൊണ്ട് എനിക്ക് കൃത്യമായിട്ട് അറിയാം എന്താണ് പുള്ളിക്ക് വേണ്ടതെന്ന്. പിന്നെ നരേഷനില്‍ തന്നെ പുള്ളി നമ്മളെ ആ പരിപാടിയില്‍ എത്തിക്കും.

ചിലര്‍ അതൊന്നും പറയില്ല. ചില സംവിധായകര്‍ കാരവാനിലേക്ക് സീന്‍ കൊടുത്തുവിടും. നമ്മള്‍ ക്യാമറയുടെ മുന്‍പില്‍ വരും, ആക്ഷന്‍ പറയും, നമുക്ക് തോന്നിയത് നമ്മള്‍ ചെയ്യും. അവര്‍ ഓക്കെ പറയും നമ്മള്‍ തിരിച്ചുപോകും. സ്‌കൂളിന്റെ വ്യത്യാസമാണ്.

ചിലര്‍ നന്നായി നമ്മളെ ക്യാപ്ചര്‍ ചെയ്യും. ഉടല്‍ ചെയ്യുന്ന സമയത്ത് രതീഷ് ഓരോ സീനും എടുത്ത് പറയിപ്പിച്ച് ഇത് തന്നെ വേണമെന്ന് പറഞ്ഞ് ചെയ്യിക്കുമായിരുന്നു. ഡിജോയും ഇതുപോലെയാണ്, 12, 13 ടേക്കിലൊക്കെയാണ് ഓക്കെയാകുക. ഏട്ടനും ഇങ്ങനെ തന്നെയാണ്. നമ്മളെ ആ മൂഡില്‍ എത്തിച്ചു തരും. അത് നമുക്ക് കുറച്ചുകൂടി എളുപ്പമാണ്,’ ധ്യാന്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിച്ച് മുന്നോട്ടുപോകുക എന്നത് തന്റെ അജണ്ടയല്ലെന്നും സിനിമാ സംവിധാനം തന്നെയാണ് തന്റെ പാഷനെന്നും അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

ഒരു സിനിമ സംവിധാനം ചെയ്ത് അടുത്തത് ചെയ്യുന്നതിനിടയില്‍ സിനിമയില്‍ അഭിനയിക്കുക എന്നതല്ലാതെ സിനിമാ അഭിനയം മുന്നോട്ട് കൊണ്ടുപോകണമെന്ന പ്ലാന്‍ ഇല്ല. എന്നാല്‍ ഭാഗ്യവശാല്‍ കുറേ സിനിമകള്‍ വന്നു. അതില്‍ നല്ലതും ചീത്തയുമുണ്ട്. അടുത്ത വര്‍ഷത്തിന് ശേഷം ഒരു ബ്രേക്ക് എടുത്തിട്ട് സംവിധാനത്തിലേക്ക് കടക്കാന്‍ തന്നെയാണ് പ്ലാന്‍, ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about Basil Joseph and his Satelite Value