കാന്‍ഡില്‍ ലൈറ്റ് ഡിന്നറാണ്; ഞാന്‍ നോക്കുമ്പോള്‍ അനുഷ്‌ക ഷെട്ടി എന്നെ നോക്കിയിരിക്കുന്നു: ധ്യാന്‍ ശ്രീനിവാസന്‍
താനും ചേട്ടന്‍ വിനീതും നടി അനുഷ്‌ക ഷെട്ടിയെ കണ്ട രസകരമായ കഥ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. മദ്രാസിലെ താജ് ക്ലബ്ബ് ഹൗസ് ഹോട്ടലില്‍ വെച്ചാണ് ആദ്യമായി അനുഷ്‌കയെ കണ്ടതെന്നും ആ കൂടിക്കാഴ്ച ഏറെ രസകരമായിരുന്നെന്നും ധ്യാന്‍ പറഞ്ഞു. ഓണ്‍ ലുക്കേര്‍സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
ധ്യാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരി ആരാണെന്ന ചോദ്യത്തിന് അത് അനുഷ്‌ക ഷെട്ടിയാണെന്ന് പറഞ്ഞ ശേഷമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഷ്‌കയെ കണ്ടുമുട്ടിയ കഥ താരം പങ്കുവെച്ചത്.
‘ഒരു ദിവസം രാത്രി മദ്രാസിലുള്ള താജ് ക്ലബ്ബ് ഹൗസ് ഹോട്ടലില്‍ ഞാനും ചേട്ടനും കൂടി കയറി. അവിടെയാണെങ്കില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഞാനും ചേട്ടനും എതിരെയിരുന്ന് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ആസ്വദിക്കുകയായിരുന്നു. ദൂരെ നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി എന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
മെഴുകുതിരിയുടെ വെളിച്ചമായത് കൊണ്ട് വ്യക്തമായി കാണാനും പറ്റിയിരുന്നില്ല. ആ പെണ്‍കുട്ടിയുടെ ഓപ്പോസിറ്റ് വേറെ ആരോ ഇരിക്കുന്നുണ്ട്. ഞാനാണെങ്കില്‍ ഇന്റര്‍നാഷണല്‍ വായ്‌നോക്കിയും. കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഞാനിങ്ങനെ നോക്കുകയാണ്. ഭയങ്കര സുന്ദരി. ആരാണെന്ന് മനസിലാകുന്നുമില്ല. വീണ്ടും നോക്കുമ്പോള്‍ ആ കുട്ടി എന്നെയും നോക്കുന്നുണ്ടായിരുന്നു.
അന്നാണെങ്കില്‍ അനുഷ്‌ക ഷെട്ടി അനുഷ്‌ക ഷെട്ടിയുമായിട്ടില്ല, ധ്യാന്‍ ശ്രീനിവാസന്‍ ധ്യാന്‍ ശ്രീനിവാസനും ആയിട്ടില്ല. അനുഷ്‌ക ഒന്ന് രണ്ട് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. മാധവന്റെ സിനിമയൊക്കെ ചെയ്തിട്ടുണ്ട്. ഇത്രയും പോപ്പുലറായിട്ടില്ല. എന്നാലും എനിക്കൊക്കെ അറിയാമായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ പുള്ളിക്കാരി എഴുന്നേറ്റ് ഞങ്ങളുടെ മുന്നിലൂടെ നടന്നു പോയി. ഞാന്‍ അവരെ ഇങ്ങനെ നോക്കുമ്പോള്‍ അനുഷ്‌കയെ കണ്ടതും ഓപ്പോസിറ്റ് ഇരിക്കുന്ന ഏട്ടന്‍ അനുഷ്‌ക എന്നും പറഞ്ഞ് അന്തംവിട്ടു.
ഞാന്‍ ഇരുന്ന് സീറ്റിലെങ്ങാനായിരുന്നു ചേട്ടന്‍ ഇരുന്നതെങ്കില്‍ അനുഷ്‌ക വന്ന് അടിച്ചിട്ട് പോയെനെ എന്ന് എനിക്ക് അപ്പോള്‍ തോന്നി (ചിരി),’ ധ്യാന്‍ പറഞ്ഞു. നദികളില്‍ സുന്ദരി യമുനയാണ് ധ്യാനിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
Content Highlight: Dhyan Sreenivasan about Anushka Shetty and Candle Light Dinner