| Thursday, 16th June 2022, 12:13 pm

പറയുന്ന കാര്യങ്ങള്‍ ആ സെന്‍സില്‍ എടുക്കണം; ഇഷ്യൂ ഉണ്ടാക്കുന്നത് പുറത്തുനിന്നുള്ളവരാണ്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്നുള്ള പ്രൊഡക്ഷന്‍ കമ്പനിയാണ് ഫണ്‍ടാസ്റ്റിക് ഫിലിംസ്. ലവ് ആക്ഷന്‍ ഡ്രാമ, ഹെലന്‍, സാജന്‍ ബേക്കറി, റിലീസ് ചെയ്യാനിരിക്കുന്ന പ്രകാശന്‍ പറക്കട്ടെ എന്നിവയടക്കമുള്ള ചിത്രങ്ങള്‍ ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്.

തങ്ങള്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ പുതുമുഖ സംവിധായകര്‍ക്ക് വേതനം കൊടുക്കുന്നതിനെ പറ്റി നേരത്തെ ഒരു അഭിമുഖത്തില്‍ അജു വര്‍ഗീസ് പറഞ്ഞ കാര്യങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.

പ്രകാശന്‍ പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ പുതുമുഖ സംവിധായകര്‍ക്ക് കാശ് കൊടുക്കാറില്ല എന്ന തരത്തില്‍ അജു പറഞ്ഞതായായിരുന്നു വാര്‍ത്ത പുറത്തുവന്നത്.

എന്നാല്‍ താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി അജു വര്‍ഗീസ് തന്നെ രംഗത്തെത്തിയിരുന്നു.

സംഭവത്തെപ്പറ്റി വിശദീകരിക്കുകയാണ് ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍. പ്രകാശന്‍ പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍, അജുവിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്യാന്‍.

”ഫണ്‍ടാസ്റ്റിക്കിന്റെ വിഷന്‍ എന്ന് പറയുന്നത് പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുന്നതാണ്. ഫസ്റ്റ് ടൈം ഡയറക്ട് ചെയ്യുന്ന ആള്‍ക്കാര്‍ക്ക് പൈസ സെക്കന്ററിയാണ്. അയാളുടെ ആദ്യത്തെ സിനിമയാണ്, അതില്‍ അയാള്‍ 100 ശതമാനം എഫേര്‍ട്ട് ഇടും, ഹാര്‍ഡ് വര്‍ക്ക് ചെയ്യും.

ആ രീതിയില്‍ അയാളെ ചൂഷണം ചെയ്യാം. തന്റെ ആദ്യ സിനിമ നന്നാവണം എന്നുള്ളത് അയാളുടെ കൂടെ ആവശ്യമാണ്. ഷഹദിനെ (പ്രകാശന്‍ പറക്കട്ടെയുടെ സംവിധായകന്‍ ഷഹദ് നിലമ്പൂര്‍) ഞങ്ങള്‍ സമീപിച്ചത് പൈസ കൊടുക്കണ്ട എന്നുള്ള നിലയിലല്ല. അതൊക്കെ തമാശക്ക് പറയുന്നതാണ്.

ഞങ്ങള്‍ പൈസ കൊടുക്കാതിരുന്നിട്ടില്ല. അവന് കിട്ടേണ്ട പൈസയൊക്കെ കിട്ടിയിട്ടുണ്ട്. അവന്‍ ഹാപ്പിയാണ്.

സംവിധായകനല്ല, ഏത് ഡിപ്പാര്‍ട്ട്‌മെന്റിലെ ആള്‍ക്കാരായാലും ജോലി ചെയ്താല്‍ കാശ് കൊടുക്കണം. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ ആള്‍ക്കാരും പെയ്ഡ് ആണ്. ഞാനുള്‍പ്പെടെ. ഞാന്‍ എഴുതിയതിനുള്ള ശമ്പളം കൃത്യമായി വാങ്ങിയിട്ടുണ്ട്.

സ്വന്തം കമ്പനിയില്‍ നിന്നായാലും എല്ലാവരും പണം വാങ്ങിയിട്ടുണ്ട്. ആരും ഇവിടെ വെറുതെ ജോലി ചെയ്യില്ല. അങ്ങനെ ഒരാളെ ചൂഷണം ചെയ്യാന്‍ പറ്റുമോ.

ഇന്റര്‍വ്യൂവില്‍ പറഞ്ഞ ഒരു സ്റ്റേറ്റ്‌മെന്റ് എന്നതിനപ്പുറം അതിന് അത്ര സീരിയസ്‌നെസ് കൊടുക്കരുത്. കാഷ്വലി പറഞ്ഞ ഒരു സാധനം എന്നതിനപ്പുറം അതിനെ കാണരുത്.

ഞങ്ങള്‍ പറയുന്നതിനെ നിങ്ങള്‍ സീരിയസായി കാണരുത് എന്നാണ് എന്റെ അഭിപ്രായം. നിങ്ങളൊക്കെ ചില കാര്യങ്ങള്‍ ആ സെന്‍സില്‍ എടുക്കണം. ഇഷ്യു ഉണ്ടാക്കുന്നത് പുറത്ത് നിന്നുള്ളവരാണ്.

നമ്മള്‍ എന്ത് പറയുന്നു എന്ന് നോക്കി നില്‍ക്കുന്ന കുറേ പേരുണ്ട്. ഭയങ്കര സെന്‍സിറ്റീവാണ് ഇന്നത്തെ ആളുകള്‍. ആ സെന്‍സില്‍ എന്നെയും അജുവിനെയുമൊക്കെ സീരിയസായി കാണാന്‍ തുടങ്ങിയാല്‍ പിന്നെ ഭയങ്കര പ്രശ്‌നമായിരിക്കും.

പിന്നെ ഡയറക്ടര്‍ക്ക് ശമ്പളം ഓക്കെയാണെങ്കില്‍ ഓക്കെ. ഒരു പുതുമുഖ സംവിധായകന് ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ കൊടുക്കാന്‍ പറ്റുന്നതിന്റെ മാക്‌സിമം ഞങ്ങള്‍ കൊടുത്തിട്ടുണ്ട്,” ധ്യാന്‍ പറഞ്ഞു.

മൂവീ സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലായിരുന്നു നേരത്തെ അജു ഇത് സംബന്ധിച്ച വിശദീകരണകുറിപ്പ് പങ്കുവെച്ചത്.

”പുതുമുഖ സംവിധായകര്‍ക്ക് കാശ് കൊടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഈ സിനിമയില്‍ കാശില്ല, എന്ന് ആദ്യമേ പറയണം.

അതായത്, ഇപ്പൊ എന്റെയടുത്ത് വര്‍ക്ക് ചെയ്യാന്‍ വരികയാണെങ്കില്‍, മാസം ഇത്ര രൂപയേ ഉള്ളൂ എന്നോ, അല്ലെങ്കില്‍ മാസത്തില്‍ കാശ് ഇല്ല എന്നോ ആദ്യം പറയും. പൂര്‍ണമായും മനസിന് സമ്മതമാണെങ്കില്‍ മാത്രം ചെയ്താല്‍ മതി. സന്തോഷത്തോടെയും വേണം.

ഇല്ലെങ്കില്‍ സന്തോഷത്തോടെ എനിക്ക് കാശ് വരുമ്പോള്‍ പിന്നെ നമുക്ക് ചെയ്യാം,” എന്ന് താന്‍ പറയുന്നതിന്റെ വീഡിയോ സഹിതമായിരുന്നു അജു പോസ്റ്റ് ചെയ്തത്.

Content Highlight: Dhyan Sreenivasan about Aju Varghese’s comment about the remuneration of debut directors

We use cookies to give you the best possible experience. Learn more