വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാൻ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാൻ തെളിയിച്ചു.
സിനിമകൾക്ക് പുറമെ നിരവധി അഭിമുഖങ്ങളിലും സ്ഥിരസാന്നിധ്യമാണ് ധ്യാൻ. കുറഞ്ഞ വർഷത്തിനുള്ളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുള്ള യുവ നടനാണ് ധ്യാൻ. എന്നാൽ അവയിൽ പലതും ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
പക്ഷെ ഒരു നടൻ എന്ന നിലയിൽ ആ സിനിമകളെല്ലാം തനിക്ക് ഗുണം മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ധ്യാൻ പറയുന്നു. ഒരിക്കൽ മമ്മൂട്ടി തന്നോട് അതിനെകുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുള്ള നടനാണ് മമ്മൂട്ടിയെന്നും സിനിമകളിലെ എണ്ണത്തിൽ തന്റെ റെക്കോഡ് നീ തകർക്കുമോയെന്നാണ് മമ്മൂട്ടി തന്നോട് ചോദിച്ചതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
മോശം സിനിമകളായിരിക്കാം ഒരുപക്ഷെ ഏറ്റവും വലിയ പാഠം തന്നിട്ടുണ്ടാവുക
– ധ്യാൻ ശ്രീനിവാസൻ
‘നൻപകൽ നേരത്ത് മയക്കത്തിന്റെ ഷൂട്ടിങ് സമയത്ത് മമ്മൂക്ക എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. അദ്ദേഹം 1984 ൽ ഏകദേശം 35 സിനിമകളെങ്ങാനും ചെയ്തിട്ടുണ്ട്. ഏത് വർഷമാണെന്ന് കൃത്യമായി എനിക്കോർമയില്ല. ഞാൻ അന്ന് അപ്പുറത്ത് മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു.
അന്നദ്ദേഹം എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു, നീ ഈ വർഷം എത്ര സിനിമ ചെയ്തെടായെന്ന്. എന്റെ റെക്കോഡ് നീ തകർക്കുമോയെന്നും പുള്ളി ചോദിച്ചു. കാരണം ഏതോ ഒരു വർഷം പുള്ളി അത്രയും സിനിമകൾ ചെയ്തിട്ടുണ്ട്. അന്നദ്ദേഹം പറഞ്ഞ ഒരു കാര്യം, അന്ന് ചെയ്തിട്ടുള്ള അത്തരം കുഞ്ഞ് കുഞ്ഞ് സിനിമകളായിരിക്കാം ഒരു നടൻ എന്ന നിലയിൽ നമ്മളെ വളരാൻ സഹായിക്കുന്നത് എന്നായിരുന്നു.
അതിൽ ചിലപ്പോൾ ഓടിയ സിനിമകൾ ഉണ്ടാവാം, വിജയമാവാത്ത ചിത്രങ്ങളുമുണ്ടാവാം. നമ്മൾ ചെയ്യുന്ന മോശം സിനിമകളായിരിക്കാം ഒരുപക്ഷെ ഏറ്റവും വലിയ പാഠം തന്നിട്ടുണ്ടാവുക. ആ രീതിയിൽ ഞാൻ ചെയ്തിട്ടുള്ള പല സിനിമകളും അതിപ്പോൾ ബോക്സ് ഓഫീസിൽ ക്ലിക്ക് ആവാത്ത സിനിമകൾ ആണെങ്കിലും ഒരു നടൻ എന്ന നിലയിൽ എനിക്ക് വ്യക്തിപരമായി ഗുണം ചെയ്തിട്ടേയുള്ളൂ,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Content Highlight: Dhyan sreenivasan About Advice Of Mammootty