പൃഥ്വിരാജുമായുള്ള സിനിമയുടെ ഡിസ്കഷൻ വരെ നടന്നതാണ്; നടക്കാതെ പോകാനുള്ള കാരണം അതാണ്: ധ്യാൻ ശ്രീനിവാസൻ
Film News
പൃഥ്വിരാജുമായുള്ള സിനിമയുടെ ഡിസ്കഷൻ വരെ നടന്നതാണ്; നടക്കാതെ പോകാനുള്ള കാരണം അതാണ്: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th April 2024, 4:08 pm

പൃഥ്വിരാജ് എന്ന നടന്റെ ഫാൻ ബോയിയാണ് ധ്യാൻ ശ്രീനിവാസൻ. പൃഥ്വിരാജുമായി ഒരു കോമഡി റൊമാന്റിക് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ പൃഥ്വിക്ക് മെസേജ് വരെ അയച്ചിരുന്നു എന്നായിരുന്നു ധ്യാനിന്റെ മറുപടി. പൃഥ്വിരാജിനോട് സിനിമയെക്കുറിച്ച് പറഞ്ഞിരുന്നെന്നും ഏത് സമയവും ചെയ്യണമെന്ന് പറഞ്ഞിരുന്നെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

എന്നാൽ തനിക്ക് തിരക്ക് ആയതുകൊണ്ടാണ് ആ സിനിമ ചെയ്യാൻ കഴിയാതെ പോയതെന്നും ധ്യാൻ പറയുന്നുണ്ട്. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

‘ഞാൻ ആലോചിച്ചിട്ട് രാജുവേട്ടന് മെസേജ് വരെ അയച്ചു. രണ്ട് മീറ്റിങ് എടുത്തതാണ് പക്ഷേ എനിക്ക് തിരക്കായി പോയി. രാജുവേട്ടന് തിരക്കാണ് പക്ഷേ രണ്ടുപേർക്കും തിരക്കായാൽ എന്ത് ചെയ്യും. തിരക്കിനിടയിൽ ആ പടം നടക്കാതെ പോയി. നടക്കാതെ പോയി എന്നല്ല അവിടെ വരെ പോയിട്ട് എത്തിയില്ല. മെസേജ് അയച്ചു. ഇങ്ങനെ ഒരു പടം ഉണ്ടെന്ന് പറഞ്ഞു. നീ ഏത് സമയം ആണെങ്കിലും വാ എന്ന് പറഞ്ഞു. പക്ഷേ ഞാൻ പോയില്ല,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

കുറെ ആർട്ടിസ്റ്റുകൾ അപ്പ്രൂവ് ചെയ്ത പടം ഇല്ലേ ധ്യാനിന്റെ കയ്യിൽ എന്ന വിനീത് ശ്രീനിവാസന്റെ ചോദ്യത്തിന് അതെ എന്നും ഒന്നും അങ്ങോട്ട് കയറുന്നില്ല എന്നുമായിരുന്നു ധ്യാനിന്റെ മറുപടി.

ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ വർഷങ്ങൾക്ക് ശേഷമാണ് ധ്യാനിന്റെ പുതിയ ചിത്രം. തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ദിനം വന്ന പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരുടെ ഗംഭീര പ്രകടനത്തോടൊപ്പം നിവിൻ പോളിയുടെ തിരിച്ചുവരവു കൂടെയായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നീരജ് മാധവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

Content Highlight: Dhyan sreenivasan about a film with prithviraj