| Monday, 11th December 2023, 3:41 pm

പലരും അപ്രത്യക്ഷരായിട്ടും ബേസിൽ നിലനിൽക്കുന്നത് അതുകൊണ്ടാണ്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസാൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിൽ നായകനായാണ് ധ്യാൻ എന്ന നടൻ ഉടലെടുക്കുന്നത്. അഭിനയം ഒരിക്കലും ആഗ്രഹിക്കാത്ത ഒരാളാണ് ധ്യാൻ എന്നും തനിക്ക് സംവിധാനവും ക്യാമറയുമാണ് താത്‌പര്യമെന്ന് ധ്യാൻ തന്നെ പറഞ്ഞിട്ടുണ്ട്.

ഈ കാലഘട്ടത്തിൽ സംവിധായകനാവാൻ എളുപ്പമാണെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. പണ്ട് പത്തോ ഇരുപതോ സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് ഒരാൾ സ്വതന്ത്ര സംവിധായകനാകുന്നതെന്ന് ധ്യാൻ പറഞ്ഞു. ഇപ്പോൾ സിനിമയുടെ സാങ്കേതിക വിദ്യ പഠിക്കാൻ എളുപ്പമാണെന്നും ധ്യാൻ പറയുന്നുണ്ട്. ഷോർട് ഫിലിമിൽ കഴിവ് തെളിയിക്കാനുള്ള വലിയ സാധ്യതയുണ്ടെന്നും അതിന് ഉദാഹരണമാണ് ബേസിൽ ജോസഫെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘മുമ്പൊക്കെ പത്തോ ഇരുപതോ സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് ഒരാൾ സ്വതന്ത്ര സംവിധായകനാകുന്നത്. ഇപ്പോൾ ഒരു സിനിമയിൽ സഹായിയായി കഴിഞ്ഞാൽ സ്വന്തം സിനിമയെ കുറിച്ച് ആലോചന തുടങ്ങും. മറ്റൊന്നുമല്ല സിനിമയും സാങ്കേതികവിദ്യകളും പഠിക്കാൻ എളുപ്പമാണ് ഇപ്പോൾ. അതുകൊണ്ടാണ് അങ്ങനെ പലരും ആദ്യ സിനിമയ്ക്കുശേഷം അപ്രത്യക്ഷരാവുന്നത്. പക്ഷേ നിലനിൽക്കുന്നവരുമുണ്ട്.

ഷോർട്ട് ഫിലിം കഴിവ് തെളിയിക്കാനുള്ള വലിയൊരു സാധ്യതയാണ്. ബേസിലിനെ നോക്കൂ അദ്ദേഹം ചെയ്ത ഷോർട്ട് ഫിലിം കണ്ടാണ് ഏട്ടൻ (വിനീത് ശ്രീനിവാസൻ) അയാളെ സഹായിയായി ഒപ്പം കൂട്ടിയത്. ഇപ്പോൾ ബേസിൽ ചെയ്യുന്ന ചിത്രങ്ങൾ നോക്കൂ. മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകൻ അല്ലേ അയാൾ. ജൂഡ് ആന്റണി ജോസ്, അരുൺ ഡി. ജോസ് അങ്ങനെ ഒട്ടേറെ പേർ ഇത്തരത്തിൽ കഴിവ് തെളിയിച്ചവരാണ്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

രാജേഷ് മണ്ടൂർ സംവിധാനം ചെയ്ത ബുള്ളറ്റ് ഡയറീസും അനിൽ ലാൽ സംവിധാനം ചെയ്ത ചീന ട്രോഫിയുമാണ് ധ്യാനിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രങ്ങൾ.

Content Highlight: Dhyan sreenivasam about independent direction

We use cookies to give you the best possible experience. Learn more