മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അഭിനയത്തിനും സംവിധാനത്തിനും എഴുത്തിനുമൊക്കെ പുറമേ ശ്രീനിവാസന് കുടുംബത്തിലെ താരങ്ങളുടെ അഭിമുഖങ്ങളിലെ മനസ് തുറന്നുള്ള സംസാരമാണ് അവരെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാവട്ടെ ധ്യാന്‍ ശ്രീനിവാസനും.
തന്റെ വിവാഹത്തിന് അച്ഛന് സ്റ്റേജിലേക്ക് ക്ഷണിച്ച രസകരമായ അനുഭവം പങ്കുവെക്കുകയാണ് ധ്യാന്‍. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ വെച്ചായിരുന്നു വിവാഹത്തിനിടക്ക് ശ്രീനിവാസനുമൊത്തുള്ള അനുഭവം ധ്യാന്‍ പങ്കുവെച്ചത്.
‘എന്റെ വിവാഹം വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു. ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുള്ള പരിപാടിയായിരുന്നു. എന്നെ കല്യാണത്തിന് അച്ഛന് സ്റ്റേജിലേക്ക് ക്ഷണിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? ഞാന്‍ മകനാണെന്ന് വിശ്വസിക്കുന്ന ധ്യാന്‍ ശ്രീനിവാസന് സ്റ്റേജിലേക്ക് വരികയെന്ന്. ആരോ അതിന്റെ വീഡിയോ ഒക്കെ എടുത്തിട്ടുണ്ട്. ആദ്യം തന്നെ നമ്മളെ നാറ്റിച്ചുകൊണ്ടാണ് സ്റ്റേജിലേക്ക് കയറ്റിക്കൊണ്ടുവരുന്നത്,’ ധ്യാന്‍ പറഞ്ഞു.
വിനീത് ശ്രീനിവാസനെ കുറിച്ചും പരിപാടിയില്‍ വെച്ച് ധ്യാന്‍ പറഞ്ഞിരുന്നു. ‘ഗാന്ധിജി ജനിക്കുന്നത് ഒക്ടോബര്‍ രണ്ടിനാണ്. അദ്ദേഹം ജനിക്കുന്നതിന് ഒരു ദിവസം മുമ്പ് അതായത് ഒക്ടോബര്‍ ഒന്നിനാണ് പുള്ളി(വിനീത് ശ്രീനിവാസന്) ജനിക്കുന്നത്. അതായത് ഗാന്ധിജിക്ക് മുമ്പേ ജനിച്ചയാളാണ് ഏട്ടന്. അതുകൊണ്ടാണ് പുള്ളി ഇങ്ങനെ സത്യസന്ധനായി പോയതെന്നാണ് ഞങ്ങളുടെ കൂട്ടുകാരുടെ ഇടയിലൊക്കെയുള്ള സംസാരം.
ഗാന്ധിജി വരെ ജീവിതത്തില്‍ പലതും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ സത്യാന്വേഷണ പരീക്ഷണ കഥയില്‍ പറഞ്ഞിട്ടുണ്ടല്ലോ പുള്ളി ചെയ്ത പലകാര്യങ്ങളും. ഇതില്‍ പറഞ്ഞിട്ടുണ്ട് പുള്ളി കള്ളം പറയുമായിരുന്നു, പുള്ളി കുട്ടികാലത്ത് കള്ളത്തരങ്ങളൊക്കെ കാണിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ അറിവില്‍ ഏട്ടന് അങ്ങനെ ഒന്നും ചെയ്തിട്ടില്ല.
ശരിക്കും പറഞ്ഞാല്‍ എന്റെ അറിവില്‍ പുള്ളി ഒരു നുണ പറയുകയോ, കള്ളത്തരം കാണിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അത് മാത്രമല്ല പുള്ളി ഒരു മനുഷ്യനെ പോലും ചീത്ത പറയുന്നതായി പോലും ഞാന്‍ കണ്ടിട്ടില്ല. പിന്നെ അങ്ങനെ ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എന്നെ മാത്രമായിരിക്കും,’ ധ്യാന്‍ ശ്രീനിവാസന് പറഞ്ഞു.
Content Highlight: Dhyan shares his funny experience when his father invited him on stage for his wedding