[]നോയിഡ: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന ആദ്യം നല്‍കേണ്ടിയിരുന്നത് ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിനായിരുന്നെന്ന് മുന്‍ അത്‌ലറ്റ് മില്‍ഖാ സിങ്. അതേസമയം സച്ചിന് ഭാരതരത്‌ന നല്‍കിയതിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ യുവജനങ്ങള്‍ക്ക് മാതൃകയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാരതരത്‌ന അര്‍ഹിക്കുന്നുണ്ട്. സച്ചിന് ഭാരതരത്‌ന നല്‍കുന്നതിനോട് എതിര്‍പ്പുമില്ല. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്.
എന്നാല്‍ ആദ്യം ഭാരതരത്‌ന നല്‍കേണ്ടത് ധ്യാന്‍ ചന്ദിനാണെന്ന അഭിപ്രായക്കാരനാണ് താന്‍. ഇന്ത്യയെ ലോകകായിക ഭൂപടത്തില്‍ ആദ്യം അടയാളപ്പെടുത്തിയത് ധ്യാന്‍ ചന്ദാണെന്നും അദ്ദേഹം പറഞ്ഞു.
സച്ചിന്‍ എല്ലാവര്‍ക്കും മാതൃകയാണ്. അദ്ദേഹമൊത്ത് സംസാരിക്കാനുള്ള അവസരം നിരവധി തവണ തനിക്ക് ലഭിച്ചിട്ടുണ്ട്. സച്ചിന്റെ വിനയം വിസ്മയിപ്പിക്കുന്നതാണ്.
പ്രശസ്തിയുടെ തലക്കനം സച്ചിന്‍ ഒരിക്കലും കാട്ടിയിട്ടില്ല. ഭാരതരത്‌ന അവാര്‍ഡിനായി മറ്റ് കായികതാരങ്ങളെക്കൂടി പരിഗണിച്ച് തുടങ്ങണമെന്നും മില്‍ഖ ആവശ്യപ്പെട്ടു.