|

എന്നെയും ഏട്ടനെയും പ്രണവിനെയും ഒരു ഫ്രെയിമില്‍ കാണണമെന്ന് ഏറ്റവും വലിയ ആഗ്രഹം അയാള്‍ക്കായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും, ധ്യാന്‍ ശ്രീനിവാസനുമായിരുന്നു പ്രധാന താരങ്ങള്‍. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങി. പ്രണവ് മോഹന്‍ലാലിന്റെ മേക്കപ്പും ആവശ്യമില്ലാത്ത ഗസ്റ്റ് റോളുകളുമാണ് പ്രധാനമായും ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

ആ റോളിലേക്ക് വേറൊരാളെ കാസ്റ്റ് ചെയ്യാന്‍ വിനീത് ശ്രീനിവാസന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ നിര്‍മാതാവ് വിശാഖ് സുബ്രമണ്യത്തിന്റെ നിര്‍ബന്ധം കാരണമാണ് വിനീത് അഭിനയിച്ചതെന്ന് ധ്യാന്‍ പറഞ്ഞു. ഒ.ടി.ടി റിലീസിന് ശേഷം വിനീതിന്റെ കഥാപാത്രം ട്രോളന്മാരുടെ ഇരയാകുമെന്ന് താന്‍ വാണിങ് കൊടുത്തിരുന്നുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ പാര്‍ട്‌ണേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ കാസ്റ്റിങ്ങൊക്കെ പിന്നീട് പണിയാവുമെന്ന് പലര്‍ക്കും അറിയാമായിരുന്നു. അതിലൊന്നായിരുന്നു ഏട്ടന്റെ ഗസ്റ്റ് റോള്‍. ആ ഡ്രൈവറുടെ വേഷം ആര് ചെയ്യുമെന്ന് ആദ്യമൊന്നും പ്ലാനുണ്ടായിരുന്നില്ല. ‘ആരും ചെയ്തില്ലെങ്കില്‍ ഞാന്‍ ചെയ്‌തോളാം’ എന്ന് ഏട്ടന്‍ ചുമ്മാ പറഞ്ഞിരുന്നു. ഷൂട്ടിന്റെ സമയത്ത് വേറൊരു ആര്‍ട്ടിസ്റ്റിനെ നോക്കാന്‍ പോയതുമാണ്. പക്ഷേ ആ സമയത്ത് വിശാഖ് പറഞ്ഞത് ആ റോള്‍ വിനീത് ചെയ്താല്‍ മതിയെന്നാണ്.

ആ റോള്‍ ഏട്ടന്‍ ചെയ്താല്‍ പണിയാവുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം, ഈ സിനിമയുടെ കഥ എഴുതിയത് ഏട്ടനാണ്. പുള്ളി എന്നോട് ‘എന്താണ് സാര്‍ സംഭവിച്ചത്’ എന്ന് ചോദിക്കുമ്പോള്‍ ‘കഥ എഴുതിയ ആള്‍ക്ക് ഇതൊന്നും അറിയില്ലേ’ എന്ന കമന്റ് വരുമെന്ന് ഉറപ്പാണ്. പക്ഷേ എന്നെയും ഏട്ടനെയും അപ്പുവിനെയും ഒരു ഫ്രെയമില്‍ കാണണമെന്ന് വിശാഖിന് നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടാണ് ഏട്ടന്‍ ആ റോള്‍ ചെയ്തത്’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan about Vineeth Sreenivasans guest role in Varshangalkku Sesham

Latest Stories