2007 ലാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ എം.മോഹനന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കഥപറയുമ്പോള്‍ എന്ന ചിത്രം റിലീസ് ചെയ്തത്. വലിയ ഹിറ്റ് ആയ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നതാണ്. ഇപ്പോഴിതാ ചിത്രത്തെ പറ്റിയും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റിയും പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സിനിമാ ഗാലറി എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘കഥ പറയുമ്പോള്‍ സിനിമ ഫസ്റ്റ് എഡിറ്റ് ചെയ്ത ശേഷം ഞാന്‍ കണ്ടതാണ്. അപ്പോള്‍ എനിക്ക് തോന്നിയത് ഇത് പൊട്ടിപോകും, തല്ലിപ്പൊളി പടമാണെന്നാണ്. എന്തിനാണ് അച്ഛന്‍ ഇതൊക്കെ ചെയ്തത് എന്ന് തോന്നിപോയി. എന്റെ കണകൂട്ടല്‍ ഒക്കെ തെറ്റി പോയത് പിന്നീട് സിനിമ റിലീസായി ആദ്യ ദിവസം ഷോ കണ്ടപ്പോഴാണ്. സിനിമ കണ്ട് ഞാന്‍ കരഞ്ഞു. അപ്പോഴാണ് എനിക്ക് മനസ്സിലായത് സൗണ്ടിനും മ്യൂസികിനും സിനിമയിലുള്ള പ്രാധ്യാന്യം എന്താണെന്ന്.
അതിനൊപ്പം തന്നെ മമ്മൂക്കയെ പോലെ ഇത്രേം മനോഹരമായി ഡബ് ചെയ്യുന്ന വേറെരു നടന്നില്ല. ഡബ്ബിങ് കൊണ്ട് ആ രംഗത്തെ പത്ത് മടങ്ങ് ലിഫ്റ്റ് ചെയ്തു എന്നതാണ്. ആ ഇടര്‍ച്ചയും, സൗണ്ടും ഒക്കെ എങ്ങനെ ചെയ്യാന്‍ സാധിക്കുന്നു എന്ന് തോന്നി. ഇതിന്റെയൊക്കെ മാജിക്ക് എന്താണെന്ന് വെച്ചാല്‍ നേരെ വന്ന് ഒറ്റ ടെക്കില്‍ ചെയ്തിട്ട് പോകുന്നതാണ് ഇതൊക്കെ, അല്ലാതെ പത്ത് തവണയൊന്നും എടുക്കുന്നില്ല’; ധ്യാന്‍ പറയുന്നു. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദാണ് പ്രകാശന്‍ പറക്കട്ടെ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം സമ്മിശ്ര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്‌മണ്യം, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന്‍ പറക്കട്ടെ നിര്‍മിച്ചിരിക്കുന്നത്. നിഷ സാരംഗ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, ഗോവിന്ദ് പൈ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlight : Dhyan about Kadha paryumbol movie and Mammooty’s dubbing in it