ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘ജയിലര്‍’ സിനിമയ്ക്ക് റിലീസിനായി തിയേറ്ററുകള്‍ നിഷേധിച്ചുവെന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍. ഇതിനെതിരായ പ്രതിഷേധമായി താന്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് എം.ജി. റോഡിലുള്ള ഫിലിം ചേംബറിന്റെ ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയില്‍ മലയാള സിനിമ ശ്വാസം മുട്ടുന്നുവെന്നും നമുക്കും റിലീസുകള്‍ വേണ്ടേയെന്നും അദ്ദേഹം പ്രതികരിച്ചു.
‘ധ്യാന്‍ ശ്രീനിവാസന്‍ നായകനായ എന്റെ സിനിമയ്ക്ക് തിയേറ്ററുകള്‍ നിഷേധിച്ച വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അതിന് എതിരെ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എം.ജി. റോഡിലുള്ള ഫിലിം ചേമ്പറിന് മുന്നില്‍ ഞാന്‍ ഒറ്റയാള്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയില്‍ മലയാള സിനിമ ശ്വാസം മുട്ടുന്നു. നമുക്കും വേണ്ടേ റിലീസുകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങളെ ഊന്നി കൊണ്ടാണ് സമരം,’ ഫേസ്ബുക്ക് പോസ്റ്റിലൂടെ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലും ഈ ചിത്രം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
തമിഴ് ജയിലറിന്റെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് മലയാള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ലെന്നാണ് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചത്. തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി ആയതിനാല്‍ മലയാള ചിത്രത്തിന്റെ പേര് മാറ്റണം എന്നായിരുന്നു സണ്‍ പിക്ചേഴ്സ് നല്‍കിയ മറുപടി എന്ന് സക്കീര്‍ മഠത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഓഗസ്റ്റ് 11നാണ് ഇരുചിത്രങ്ങളും റിലീസ് ചെയ്യുന്നത്.
Content Highlight: Dhyaan Srinivasan starrer ‘Jailor’ has been denied theaters for release, says director sakkir Madathil