ഞാൻ ഉണ്ടാക്കിയ ബിരിയാണി നല്ലതാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്, എന്നാല്‍ ഒരിക്കലും ഞാൻ ചെയ്ത സിനിമ നല്ലതാണെന്ന് പറഞ്ഞിട്ടില്ല: ധ്യാൻ ശ്രീനിവാസൻ
Entertainment
ഞാൻ ഉണ്ടാക്കിയ ബിരിയാണി നല്ലതാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്, എന്നാല്‍ ഒരിക്കലും ഞാൻ ചെയ്ത സിനിമ നല്ലതാണെന്ന് പറഞ്ഞിട്ടില്ല: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th May 2023, 8:24 pm

ശ്രീനിവാസൻ ഇതുവരെ തന്റെ സിനിമ നല്ലതാണെന്ന് പറഞ്ഞിട്ടില്ലെന്ന് ധ്യാൻ ശ്രീനിവാസൻ.

താൻ ഉണ്ടാക്കിയ ഭക്ഷണത്തെ നല്ലതാണെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ടെന്നും അതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റെന്നും അദ്ദേഹം പറഞ്ഞു.
കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ശ്രീനിവാസനെപ്പറ്റി സംസാരിക്കുന്നത്.

‘ഞാൻ ഇപ്പോൾ അത്യാവശ്യം നന്നായി ഭക്ഷണം ഉണ്ടാക്കും. ഏറ്റവും നന്നായി ഉണ്ടാക്കുന്നത് ബിരിയാണിയാണ്. ഉണ്ടാക്കിയ ഭക്ഷണം ഒന്നും ഇതുവരെ പാളിപോയിട്ടില്ല. എന്റെ സിനിമകൾ പോലെ ( ചിരിക്കുന്നു ).

എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ് എന്റെ അച്ഛന്റെ കയ്യിൽ നിന്നാണ്. അച്ഛൻ ഇതുവരെ എന്നോട് ചെയ്ത സിനിമ നന്നായിരുന്നു എന്ന് പറഞ്ഞിട്ടില്ല. നല്ല സിനിമകൾ ഉണ്ടായിട്ടുണ്ട്. കുഞ്ഞിരാമായണം, തിര, അടി കപ്യാരെ കൂട്ടമണി ഇതൊക്കെ അച്ഛൻ കണ്ടിട്ടുണ്ട്. പക്ഷെ ഒന്നും കണ്ടിട്ട് അഭിപ്രായം പറഞ്ഞിട്ടില്ല. ഏട്ടന്റെ സിനിമകളെപ്പറ്റിയും ഒന്നും പറഞ്ഞിട്ടില്ല.


പക്ഷെ ഞാൻ ഉണ്ടാക്കിയ ബിരിയാണി നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. അതാണ് എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ്. അച്ഛൻ എന്റെ ബിരിയാണിയുടെ ഫാനാണ്. അച്ഛൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് കഴിച്ചിട്ടുള്ളതിൽ ഏറ്റവും നല്ലത് ഞാൻ ഉണ്ടാക്കിയ ബിരിയാണിയാണെന്ന്. അതെന്റെ അഹങ്കാരമാണ്. ഡി.ഒ.പി ആയില്ലെങ്കിൽ ഷെഫ് ആകണമെന്നായിരുന്നു എന്റെ ആഗ്രഹം.

അച്ഛൻ അഭിപ്രായം പറഞ്ഞത് ജീവിതത്തിൽ എനിക്കൊരു അവാർഡ് കിട്ടിയതുപോലെയാണ്. നമ്മൾ ആർക്കെങ്കിലും ആഹാരം വച്ചുകൊടുത്തിട്ട് അവർ അഭിപ്രായം പറയുന്നതിൽപരം സന്തോഷം മറ്റൊന്നുമില്ല.

അച്ഛന് ഞാൻ ഭക്ഷണം വെച്ച് കൊടുത്തിട്ട് അമ്മയെക്കൊണ്ട് അച്ഛനോട് ചോദിപ്പിക്കും എങ്ങനെയുണ്ടെന്ന്. ഞാൻ അത് ഒളിച്ചിരുന്ന് കേൾക്കും. മുഖഭാവം കാണാൻ. അങ്ങനെ ഒരു ദിവസമാണ് ഞാൻ ഉണ്ടാക്കിയ ബിരിയാണി അച്ഛൻ കഴിച്ചപ്പോൾ അമ്മ അഭിപ്രായം ചോദിച്ചത്. അച്ഛൻ പറഞ്ഞു ‘കൊള്ളാം’.
അതെനിക്ക് ഓസ്‌ക്കാർ കിട്ടിയതുപോലെ ആയിരുന്നു,’ ധ്യാൻ പറഞ്ഞു.

Content highlights: Dhyan Sreenivasan on Sreenivaasan