‘ധ്രുവം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഹെയര്‍ സ്‌റ്റൈല്‍ ആദ്യം തീരുമാനിച്ചതില്‍ എസ്.എന്‍. സ്വാമി തൃപ്തനായിരുന്നില്ലെന്നും ഇതല്ല മന്നാഡിയാര്‍ എന്ന് പറഞ്ഞെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍’.
എസ്. എന്‍ സ്വാമിയുമായി അസോസിയേറ്റ് ചെയ്ത തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ക്യാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.
എസ്.എന്‍. സ്വാമിയുടെ മുന്‍കാല ചിത്രങ്ങളെപ്പറ്റി ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ധ്രുവം സിനിമക്കായി ആദ്യം മമ്മൂക്ക ഡ്രസ് ഒക്കെ ചെയ്തുവന്നപ്പോള്‍ മുടി സാധാരണയായി ചീകി വച്ചിരിക്കുകയായിരുന്നു. സ്വാമി സര്‍ കണ്ടപ്പോള്‍ ഇതല്ല മന്നാഡിയാര്‍ എന്നുപറഞ്ഞത്രെ. പിന്നീട് മുടി പിറകിലേക്ക് ചീകിവെച്ച് നെറ്റിയിലെ ഗോപി തോട്ടുവന്നപ്പോഴാണ് ശരിയായത്.
ധ്രുവത്തിലെ മമ്മൂക്ക എന്നുപറയുമ്പോള്‍ ആദ്യം നമുക്കോര്‍മ്മ വരുന്നത് ഡ്രെസും, ലുക്കും ആ ഹെയറുമാണ്,’ ധ്യാന്‍ പറഞ്ഞു.
ഈ പ്രായത്തിലും എസ്.എന്‍ സ്വാമി നല്ല എഫേര്‍ട്ട് എടുക്കുന്നുണ്ടെന്നും ധ്യാന്‍ പറഞ്ഞു.
‘കഥയുടെ സ്‌കെല്‍ട്ടന്‍ കയ്യിലുണ്ടെങ്കില്‍കൂടിയും ലൊക്കേഷനില്‍ വന്നിട്ട് ലാസ്റ്റ് മിനിട്ട് ഒരു എഴുത്തുണ്ട്. എഴുതിവെച്ചതൊക്കെ വെട്ടിമാറ്റി പിന്നീടൊരു എഴുത്തുണ്ട്.
രാവിലെ ഞങ്ങള്‍ വരുന്നതിനുമുമ്പ് ഒരു ആറ് മണിയൊക്കെ ആകുമ്പോള്‍ അദ്ദേഹം വന്നിട്ട് പുള്ളി അവിടെയെത്തി എല്ലാം റെഡിയാക്കിവെച്ചിട്ടാണ് ഷൂട്ടിങ് തുടങ്ങുന്നത്.
ബ്രേക്കിനും ഉച്ചക്ക് ശേഷമുള്ള സീന്‍ അദ്ദേഹം ഇരുന്നെഴുതും. എഴുത്തും സംവിധാനവും കൂടിയാണല്ലോ? രണ്ടും ഒരുമിച്ച് കൊണ്ടുപോകേണ്ടേ?
എഴുതിയതൊക്കെ തിരുത്തും. ഈ പ്രായത്തിലും അദ്ദേഹം നല്ല എഫർട്ട് എടുക്കുന്നുണ്ട് ‘ ധ്യാന്‍ പറഞ്ഞു.
ഡയലോഗുകളെപ്പറ്റി താനും എസ്. എന്‍. സ്വാമിയുടെ മകന്‍ കൃഷ്ണനും അഭിപ്രായം പറയാറുണ്ടെന്നും, അദ്ദേഹം അതിനെ പരിഗണിക്കാറുണ്ടെന്നും ധ്യാന്‍ പറഞ്ഞു.
തിരക്കഥയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം തരാറുണ്ടോ എന്ന ചോദ്യത്തിന് എഴുത്തില്‍ അഭിപ്രായം പറയാറില്ല എങ്കിലും, ചെറിയ വാക്കുകള്‍ മാറ്റുന്നതില്‍ അഭിപ്രായം പറയാറുണ്ടെന്നായിരുന്നു ധ്യാന്‍ മറുപടി നൽകിയത്.
‘അദ്ദേഹത്തിന്റെ എഴുത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും ചില ഡയലോഗുകളൊക്കെ വരുമ്പോള്‍ ഇതിങ്ങനെ വന്നാല്‍ നന്നായിരിക്കുമെന്ന് ഞാനും അദ്ദേഹത്തിന്റെ മകന്‍ കൃഷ്ണനും പറയാറുണ്ട്. എല്ലാവരും കൂടി ഒരു അഭിപ്രായം പറയുമ്പോള്‍ അദ്ദേഹം അതിനെ പരിഗണിക്കും.
എന്തുകൊണ്ടാണ് അതെഴുതിവെച്ചത് എന്നത് കൃത്യമായി അദ്ദേഹം നമുക്ക് പറഞ്ഞുതരും. ചില വാക്കുകളെപ്പറ്റിയല്ലാതെ ഡയലോഗിനുള്ളിലെ മാറ്റങ്ങളില്‍ ഇടപെടാറില്ല. പുള്ളീടെ മനസില്‍ ഒരു സിനിമയുണ്ട് നമ്മള്‍ അതില്‍ കൂടുതല്‍ ഇന്റര്‍ഫിയര്‍ ചെയ്യേണ്ട കാര്യമില്ല,’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
എസ്.എന്‍. സ്വാമിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ ധ്യാനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഹേമന്ത് ജി. നായര്‍ സംവിധാനം ചെയ്ത ഹിഗ്വിറ്റയാണ് ധ്യാനിന്റെ തിയേറ്ററിൽ എത്തിയ പുതിയ ചിത്രം. സുരാജ് വെഞ്ഞാറമ്മൂട്, മനോജ് കെ. ജയന്‍ എന്നവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content highlight: Dhyaan Sreenivaasan on Mammootty and S.N Swamy