| Sunday, 16th July 2023, 8:56 pm

ധ്രുവനച്ചത്തിരത്തിലെ രണ്ടാം ഗാനം; ഹിസ് നെയിം ഈസ് ജോണ്‍ വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ധ്രുവനച്ചത്തിരം. ഇപ്പോഴിതാ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്യുന്ന തിയതി പ്രഖ്യാപച്ചിരിക്കുകയാണ്.

ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് ഗാനത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ജൂലൈ 19 ന് റിലീസ് ചെയ്യുമെന്നും ഗാനത്തിന്റെ പ്രൊമോ ജൂലൈ 17ന് റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘ഹിസ് നെയിം ഈസ് ജോണ്‍’ എന്നാണ് രണ്ടാമത്തെ ഗാനത്തിന്റെ പേര്. ഏറെ കാലമായി റിലീസ് ചെയ്യാനാവാതെ പ്രതിസന്ധിയില്‍ അകപ്പെട്ട ചിത്രമാണ് ധ്രുവനച്ചത്തിരം.

2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. സ്‌പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍. പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഒരു ടീസറും ഗാനവും മാത്രമാണ് ഇതിനുമുമ്പ് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ വിതരണം ഉദയനിധി സ്റ്റാലിന്‍ ഏറ്റെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ നിര്‍മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസ് വഴിയാകും ചിത്രം വിതരണം ചെയ്യുക എന്നായിരുന്നു ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.

Content Highlight: Dhruva Natchathiram movie second single releasing date announced

We use cookies to give you the best possible experience. Learn more