ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്തതള്ളി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍. വിക്രം സുഖമായി ഇരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജന്‍ എം. നാരയണന്‍ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചിയാന്‍ വിക്രമിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്. ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്നും വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമും അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ധ്രുവ് വിക്രമിന്റെ പ്രതികരണം.
ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഈ സമയത്ത് കുടുംബത്തിന് ആവശ്യമായ സ്വകാര്യത ആവശ്യമാണ്. ഒരു ദിവസത്തിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകാനാണ് സാധ്യതയെന്നും ധ്രുവ് പറഞ്ഞു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടന്‍ വിക്രം അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു.
അതേസമയം, വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്. വിക്രം മുഖ്യവേഷങ്ങളൊന്ന് കൈകാര്യം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെന്നൈയില്‍ ഇന്ന് വൈകീട്ട് ആറുമണിക്ക് നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്റേതായി അവസാനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതേവര്‍ഷം ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്തിരുന്നു വിക്രം. കാര്‍ത്തിക് സുബ്ബരാജിന്റെ ആക്ഷന്‍ ത്രില്ലര്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഡയറക്ട് ഒ.ടി.ടി റിലീസ് ആയും എത്തിയിരുന്നു.
ആര്‍. അജയ് ജ്ഞാനമുത്തുവിന്റെ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കോബ്ര, ഗൗതം വസുദേവ് മേനോന്റെ സ്‌പൈ ത്രില്ലര്‍ ധ്രുവ നച്ചത്തിരം, മണി രത്‌നത്തിന്റെ എപിക് ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ പൊന്നിയിന്‍ സെല്‍വന്‍ ഒന്ന് എന്നിങ്ങനെയാണ് വിക്രത്തിന്റെ ലൈനപ്പ്. ഇതില്‍ മിക്കവയും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റുകളാണ്.
CONTENT HIGHLIGHTS: Dhruv Vikram denied the news that Vikram suffered a heart attack