ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ സ്റ്റാർ ക്യാമ്പയിനറായി മാറി ധ്രുവ് റാഠി. ബി.ജെ.പിയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ഇന്ത്യാ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കിയിരിക്കുകയാണ് ധ്രുവ് റാഠി.
2014 മുതൽ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ മോദി സർക്കാരിനെ പിന്തുണക്കുന്നവരായി മാറി. ഗോദി മീഡിയയുടെ വരവോടെ ജനങ്ങളിലേക്കെത്തുന്ന സത്യസന്ധമായ വാർത്തകളിൽ കുറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങൾ ഗോദി മീഡിയയായി മാറിയ കാലഘട്ടത്തിൽ തന്നെ വാർത്തകൾ മറയില്ലാതെ പറഞ്ഞുകൊണ്ട് ഭരണകൂടത്തിന്റെ അഴിമതികൾ തുറന്ന് കാണിക്കാനും മാധ്യമങ്ങളുടെ പക്ഷപാതത്തെക്കുറിച്ചും തുറന്ന് കാണിക്കാൻ ധ്രുവ് റാഠിക്ക് സാധിച്ചിരുന്നു. ഇതിലൂടെ 400 സീറ്റുകൾ നേടുക എന്ന എൻ.ഡി.എയുടെ പുതിയ ലക്ഷ്യത്തെ തകർക്കാൻ ധ്രുവ് റാഠിക്ക് കഴിഞ്ഞിരിക്കുകയാണ്. അതോടൊപ്പം ഇന്ത്യാ സഖ്യത്തിന്റെ നിലനിൽപ്പിന് ഒരു അടിത്തറ നൽകാനും ഇദ്ദേഹത്തിന് സാധിച്ചു.
കഴിഞ്ഞ പത്ത് വർഷമായി ബി.ജെ.പി നടത്തിക്കൊണ്ടിരുന്ന ഏകാധിപത്യ രാഷ്രീയത്തിനെതിരെ യൂട്യൂബ് വീഡിയോകളിലൂടെ ധ്രുവ് റാഠി പ്രതികരിച്ചിരുന്നു.
ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രതികരിക്കുന്ന ധ്രുവ് റാഠിയുടെ യൂട്യൂബ് വീഡിയോകൾക്ക് കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ധ്രുവ് റാഠി പുറത്തിറക്കിയ പല വീഡിയോകളും വലിയ പ്രചാരം നേടിയിരുന്നു. പൊതുതെരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറാതിരിക്കാൻ ഇന്ത്യൻ പൗരന്മാർ ശരിയായ തീരുമാനം എടുക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ രണ്ട് മാസം മുൻപാണ് പുറത്തിറങ്ങിയത്. രണ്ട് മാസം കൊണ്ട് രണ്ടരക്കോടിയിലധികം ആളുകളാണ് ധ്രുവ് റാഠിയുടെ ഈ വീഡിയോ കണ്ടത്.
‘ഏകാധിപത്യം ഉറപ്പിച്ചുവോ’ എന്ന തലക്കെട്ടോടുകൂടി പുറത്തു വന്ന മറ്റൊരു വീഡിയോ യൂട്യൂബിൽ മാത്രം 3 .2 കോടി ജനങ്ങളാണ് കണ്ടത്.
ബി.ജെ.പിയുടെ ഐ.ടി സെൽ പുറത്ത് വിടുന്ന നുണകൾ എന്ന ഉള്ളടക്കത്തോടെ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ വീഡിയോ ഇന്ത്യയിൽ വലിയ പ്രചാരം നേടിയിരുന്നു. സർജിക്കൽ സ്ട്രൈക്ക്, ഇ.വി.എം തട്ടിപ്പ്, യോഗി ആദിത്യനാഥും യാഥാർഥ്യങ്ങളും, മോദി ഭരണത്തിന്റെ ദുരിതങ്ങൾ, ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി തുടങ്ങിയ നിരവധി വിഡിയോകൾ അദ്ദേഹത്തിന്റെ ചാനലിൽ വന്നിരുന്നു.
ഇവയെല്ലാം തന്നെ മോദി ഭരണകൂടത്തിന്റെ കള്ളത്തരങ്ങൾ വിളിച്ച് പറയുന്നവയായിരുന്നു. അത് ജനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കി. യു.പിയിലെ യോഗി ആദിത്യനാഥിന്റെ ബുൾഡോസർ രാജിനെക്കുറിച്ചും രാമ നവമിയുടെ പേരിലും ഹനുമാൻ ജയന്തിയുടെ പേരിലുമെല്ലാം സൃഷ്ടിക്കുന്ന വർഗീയ സംഘർഷങ്ങളെക്കുറിച്ചും മണിപ്പൂരിലെ കലാപത്തെക്കുറിച്ചുമെല്ലാം ധ്രുവ് റാഠി വീഡിയോകൾ ചെയ്തിരുന്നു.
ഈ വീഡിയോകൾ ഭരണകൂടം ഇന്ത്യൻ ജനതയിൽ അടിച്ചേൽപ്പിക്കുന്ന വർഗീയതയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്. വലിയൊരളവിൽ ജനങ്ങൾക്ക് ഇന്ത്യ മുന്നണിയുടെ മേലുള്ള വിശ്വാസം വർധിപ്പിക്കുന്നതിന് ധ്രുവ് റാഠിയുടെ വീഡിയോകൾ കാരണമായി.
Content Highlight: Dhruv Rati turned a star campaigner of INDIA alliance