നാണംകെട്ട ഗോഡി മീഡിയക്ക് വിനേഷ് ഫോഗട്ടിന്റെ വിജയത്തിന്റെ ക്രെഡിറ്റെടുക്കാനാകില്ല: ധ്രുവ് റാഠി
national news
നാണംകെട്ട ഗോഡി മീഡിയക്ക് വിനേഷ് ഫോഗട്ടിന്റെ വിജയത്തിന്റെ ക്രെഡിറ്റെടുക്കാനാകില്ല: ധ്രുവ് റാഠി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 7:35 pm

ന്യൂദല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തി വിഭാഗത്തില്‍ സെമിയില്‍ കടന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. ക്വാര്‍ട്ടറില്‍ ഉക്രൈനിന്റെ ഒക്‌സാന ലിവാച്ചിനെ 7-5ന് പരാജയപ്പെടുത്തിയാണ് വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് സെമിയിലേക്ക് പ്രവേശിച്ചത്.

നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്റെ യു സുസാകിയെ 3-2ന് തോല്‍പ്പിച്ചാണ് വിനേഷ് ക്വാര്‍ട്ടറിലെത്തിയത്. യു സുസാകി തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ തോല്‍വിയാണ് വിനേഷില്‍ നിന്ന് നേരിട്ടത്.

വിനേഷ് സെമിയില്‍ കടന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധ്രുവ് റാഠി. വിനേഷ് ഫോഗട്ടിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ച നാണംകെട്ട ഗോഡി മീഡിയയും ബി.ജെ.പിയുടെ ഐടി സെല്ലും അക്കാര്യങ്ങളൊന്നും മറക്കരുതെന്ന് ധ്രുവ് റാഠി പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ധ്രുവ് വിമര്‍ശനം ഉയര്‍ത്തിയത്.

‘അവളുടെ പ്രതിസന്ധികളില്‍ ഒപ്പം നില്‍ക്കാത്തവര്‍ക്ക് അവളുടെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ അവകാശമില്ല’ എന്ന കുറിപ്പോട് കൂടിയ ചിത്രവും ധ്രുവ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തെ ഉദ്ധരിച്ചായിരുന്നു ധ്രുവിന്റെ പോസ്റ്റ്.

ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയിലേക്ക് ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് വിജയിച്ചതിനെ തുടര്‍ന്നാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം കനക്കുന്നത്. മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് അനിത ഷിയോറനെ ഏഴിനെതിരെ 40 വോട്ടുകള്‍ക്കാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്.

തുടര്‍ന്ന് ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്റംഗ് പൂനിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിരമിക്കലും മെഡലുകളും പുരസ്‌കാരങ്ങളും തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഖേല്‍ രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും രാജ്യത്തിന് തിരിച്ചുനല്‍കുമെന്നാണ് വിനേഷ് ഫോഗട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. പ്രതിസന്ധികളില്‍ നീതി ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ തങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്നും വിനേഷ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണിനെതിരെ 40 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന സമരമാണ് താരങ്ങള്‍ നടത്തിയത്. പിന്നീട് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും സഞ്ജയ് സിങ്ങിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് കായിക താരങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി കായിക മന്ത്രാലയത്തിന്റെ നടപടി പ്രകാരം ഗുസ്തി ഫെഡറേഷന്‍ പുതിയ ഭരണസമിതിയെ സസ്‌പെന്റ് ചെയ്തിരുന്നു. സംഘടനയുടെ നിയമങ്ങളില്‍ പുതിയ ഭരണസമിതി ലംഘനം നടത്തിയെന്നും ഗുസ്തി ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Dhruv Rathi has come out criticizing the central government after Vinesh phogat entered the semi-finals in wreslling on paris olympics