മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ച് ധ്രുവ് റാഠി. മഹാരാഷ്ട്രയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ധ്രുവ് വെല്ലുവിളിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ‘മിഷന്‍ സ്വരാജ്’ എന്ന തലക്കെട്ടോട് കൂടി ധ്രുവ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒരു വീഡിയോ പങ്കുവെച്ചിരിന്നു. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഉതകുന്ന പദ്ധതികളാണ് മിഷന്‍ സ്വരാജിലൂടെ ധ്രുവ് പറയുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യാപാര-വ്യവസായം, തൊഴില്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ള മേഖലകളിലെ വികസനം ലക്ഷ്യമിട്ടുള്ളതാണ് ധ്രുവിന്റെ മിഷന്‍ സ്വരാജ്.
മിഷന്‍ സ്വരാജ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ധ്രുവ് റാഠിയുടെ വെല്ലുവിളി ഏറ്റെടുത്ത് ശിവസേന നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. മിഷന്‍ സ്വരാജ് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ആരംഭിച്ചതാണെന്നും എന്നാല്‍ പിന്നീട് മഹായുതി സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കിയെന്നും ആദിത്യ താക്കറെ പറഞ്ഞു.
‘ധ്രുവിന്റെ വെല്ലുവിളി ഞാന്‍ സ്വീകരിക്കുന്നു. എന്നാല്‍ അത് വെല്ലുവിളി ആയതുകൊണ്ടല്ല. ഞങ്ങള്‍ മഹാരാഷ്ട്രയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതും ചെയ്തു തുടങ്ങിയതുമായ കാര്യമാണ് മിഷന്‍ സ്വരാജ്,’ എന്നാണ് ആദിത്യ താക്കറെ പറഞ്ഞത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രതികരണം.
ഇതിനുപിന്നാലെ ധ്രുവ് റാഠി ആദിത്യ താക്കറെയുടെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നമ്മുടെ വെല്ലുവിളി ആദിത്യ താക്കറെ ഏറ്റെടുത്തു എന്ന കുറിപ്പോട് കൂടി ധ്രുവ് എക്സില്‍ വീഡിയോ പങ്കുവെക്കുകയായിരുന്നു.
താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ശ്രദ്ധിച്ചതിലും നേതാക്കള്‍ അതില്‍ പ്രതികരിച്ചതിലും സന്തോഷമുണ്ടെന്നും ധ്രുവ് വീഡിയോയില്‍ പറയുന്നുണ്ട്. കൂടുതല്‍ നിര്‍ദേശങ്ങള്‍ വോട്ടര്‍മാര്‍ക്ക് പങ്കുവെക്കാമെന്നും ധ്രുവ് പറയുന്നു.
ബുധനാഴ്ചയാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റഘട്ടമായിട്ടാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും ബി.ജെ.പിയും ചേര്‍ന്ന മഹായുതി സഖ്യവും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന മഹാ അഘാഡി സഖ്യവുമാണ് മഹാരാഷ്ട്രയില്‍ ജനവിധി തേടുന്നത്.
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് മഹാരാഷ്ട്രയിലേത്. ഈ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടികളെ ധ്രുവ് റാഠി വെല്ലുവിളിച്ചിരിക്കുന്നത്.
Content Highlight: Dhruv Rathee with ‘mission Swaraj’ challenge for Maharashtra