Advertisement
national news
കേരള സ്‌റ്റോറിയെ തുറന്നുകാട്ടിയ യൂട്യൂബര്‍ക്ക് നേരെ സൈബര്‍ ആക്രമണം; ഭാര്യക്ക് നേരെ ബലാത്സംഗ ഭീഷണി!
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 20, 01:34 pm
Saturday, 20th May 2023, 7:04 pm

ന്യൂദല്‍ഹി: കേരള സ്റ്റോറി സിനിമ മുന്നോട്ട് വെച്ച പ്രൊപ്പഗണ്ട തുറന്നു കാട്ടിയ യൂട്യൂബര്‍ ധ്രുവ് റാഠിക്കും കുടുംബത്തിനും നേരെ ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണം. തന്റെ വിദേശിയായ ഭാര്യക്ക് നേരെ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി നിറഞ്ഞ സന്ദേശങ്ങളും ധ്രുവ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

നിന്റെ ഭര്‍ത്താവ് ഇന്ത്യയുടെ സനാതന ധര്‍മങ്ങളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ അയാളെ കൈകാര്യം ചെയ്യുമെന്നും നിന്നെ ബലാത്സംഗം ചെയ്യുമെന്നും, ഒരാള്‍ തന്റെ ഭാര്യക്ക് അയച്ച ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും വ്‌ളോഗര്‍ പങ്കുവെച്ചു. സോഷ്യല്‍ മീഡിയയുടെ ഇരുണ്ട മുഖമാണ് കഴിഞ്ഞ ദിവസങ്ങളില്‍ തനിക്ക് കാണാനായതെന്ന് ധ്രുവ് ട്വീറ്റ് ചെയ്തു.

സ്ത്രീകളുടെ അവകാശങ്ങളും ദേശീയ വികസനവും സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ആളുകള്‍ ഇത്തരം അപലപനീയമായ പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്നത് കാണുമ്പോള്‍ നിരാശയുണ്ടെന്നും ധ്രുവ് റാഠി കുറിച്ചു.

ഇതിന് പിന്നാലെ ധ്രുവിനെ പിന്തുണച്ച് നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനും, പ്രൊപ്പഗണ്ടകളെ യഥാര്‍ത്ഥ വസ്തുതകള്‍ കൊണ്ട് പൊളിച്ചടുക്കുന്ന ശരിയായ ജോലി തുടരണമെന്നും ഫോളോവേഴ്‌സ് അഭ്യര്‍ത്ഥിച്ചു.

 

കേരള സ്റ്റോറിയുടെ അജണ്ടകളെ തുറന്നു കാണിക്കുന്ന ധ്രുവ് റാഠിയുടെ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അപ്ലോഡ് ചെയ്ത് 10 ദിവസം കൊണ്ട് 14 മില്യണില്‍ കൂടുതല്‍ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 9,96,000 ലൈക്ക് കിട്ടിയ വീഡിയോക്ക് 1.87 ലക്ഷം കമന്റുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

22 മിനിറ്റുള്ള വീഡിയോയില്‍ കേരളാ സ്റ്റോറി മുന്നോട്ടുവെക്കുന്ന കണക്കുകള്‍ പൊളിക്കുകയും ഉദാഹരണങ്ങള്‍ സഹിതം കള്ളം പ്രചരിപ്പിക്കുന്ന രീതികള്‍ എല്ലാം എളുപ്പത്തില്‍ അദ്ദേഹം തുറന്നുകാണിച്ചിരുന്നു.

കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്‍ദത്തെക്കുറിച്ചും ദേശീയ സൂചികകളിലെ കേരളത്തിന്റെ സ്ഥാനത്തെക്കുറിച്ചുമെല്ലാം വീഡിയോയില്‍ പറയുന്ന ധ്രുവ് സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് പോയ മൂന്ന് പെണ്‍കുട്ടികളുടെ കേസുകളെക്കുറിച്ചും കൃത്യമായ പഠനം നടത്തി വിശദീകരിക്കുന്നുണ്ട്.

 

content highlights: Dhruv Rathee’s wife receiving threats after Kerala Story Video