ന്യൂദല്‍ഹി: കര്‍ഷകസമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂട്യൂബര്‍ ധ്രുവ് റാഠി. ജര്‍മ്മനിയിലെ കര്‍ഷക പ്രക്ഷോഭത്തെ അവിടുത്തെ സര്‍ക്കാര്‍ സമീപിച്ച രീതി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു ധ്രുവിന്റെ പ്രതികരണം.
‘ജര്‍മ്മനിയിലും കര്‍ഷകപ്രക്ഷോഭം നടക്കുകയാണ്. കര്‍ഷകരെ തടയാന്‍ മുള്ളുവേലികളോ, റോഡുകളില്‍ കിടങ്ങുകളോ ഉണ്ടാക്കാന്‍ അവിടുത്തെ സര്‍ക്കാര്‍ തയ്യാറല്ല. കര്‍ഷകരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തിയിട്ടുമില്ല. മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ കഴിയാത്ത ആഭ്യന്തരവിഷയമായി കര്‍ഷക സമരത്തെ പ്രഖ്യാപിച്ചിട്ടുമില്ല. ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്’, ധ്രുവ് റാഠി ട്വിറ്ററിലെഴുതി.
അതേസമയം കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്ന ബി.ജെ.പിയുടെ യോഗത്തിലും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാമര്‍ശം നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.
കേന്ദ്രമന്ത്രിമാരടക്കം പങ്കെടുത്ത പൊതുപരിപാടിയ്ക്കിടെയായിരുന്നു ഈ പരാമര്‍ശം. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജ്വേല ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു.
‘കര്‍ഷകരെ എങ്ങനെ കബളിക്കാമെന്ന കാര്യം ബി.ജെ.പി മന്ത്രിമാരോടും നേതാക്കളോടും ചോദിച്ച് മനസ്സിലാക്കുന്ന പ്രവര്‍ത്തകര്‍. കര്‍ഷകര്‍ തങ്ങളുടെ വാദങ്ങള്‍ കേള്‍ക്കുന്നില്ലെന്നും അവരെ തെറ്റിദ്ധരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഇതാണ് കര്‍ഷകര്‍ കാണാത്ത ബി.ജെ.പിയുടെ യഥാര്‍ഥ മുഖം’, സുര്‍ജ്വേല ട്വിറ്ററിലെഴുതി.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. ദല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ വീടുകളിലേക്ക് തിരികെ പോകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Dhruv Rathee On Farmers Protest