| Monday, 23rd July 2018, 11:43 am

മോദി ഭക്തരെ ഭ്രാന്തുപിടിപ്പിടിപ്പിക്കുകയാണ് ധ്രുവ് രതിയെന്ന ഈ 23കാരന്റെ ഒറ്റയാള്‍ പോരാട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംഘപരിവാറിനെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ഒറ്റക്ക് പോരാട്ടം നടത്തുകയാണ് ധ്രുവ് രതി എന്ന ചെറുപ്പക്കാരന്‍. യൂട്യൂബിലൂടേയും, ഫേസ്ബുക്കിലൂടേയുമാണ് ഈ ചെറുപ്പക്കാരന്റെ പോരാട്ടങ്ങള്‍.

ആളുകളെ ബോധവാന്മാരാക്കാനാണ് താന്‍ യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കുന്നതെന്നാണ് ധ്രുവ് രതി പറയുന്നത്. അഞ്ചു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ എബൗട്ട് മീ സെക്ഷനില്‍ ചാനലിന്റെ ലക്ഷ്യമായി പറയുന്നത് ” ജനങ്ങള്‍ക്കിടയില്‍ വിമര്‍ശനാത്മക ചിന്തയും ബോധവത്കരണം സൃഷ്ടിക്കുക” എന്നതാണ്. മൂന്നുലക്ഷത്തിലേറെ പേരാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്.

Also Read:എന്തിനായിരുന്നു മോദിയുടെ ആ ഇറങ്ങിപ്പോക്ക്?

പോസ്റ്റ് ചെയ്യുന്ന വീഡിയോകളില്‍ ഏറെയും ബി.ജെ.പി, സംഘപരിവാര്‍ ഭാഗത്ത് നിന്നും വരുന്ന വ്യാജവാര്‍ത്തകളെ വിമര്‍ശിച്ചുകൊണ്ടും, സത്യാവസ്ഥ എന്തെന്ന് വ്യക്തമാക്കി കൊണ്ടും ഉള്ളതാണ്. താന്‍ ആരില്‍നിന്നും പണം വാങ്ങിയല്ല ഈ പ്രചരണങ്ങള്‍ നടത്തുന്നതെന്നും, രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് 13ല്‍ പരം സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷമുള്ളത് കൊണ്ട് അവര്‍ക്ക് മിക്ക പ്രശ്നങ്ങളിലും ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും ധ്രുവ് പറയുന്നു.

കറന്‍സി നിരോധനം കൊണ്ട് ലാഭമുണ്ടാക്കിയതാര് ?, മോദിയുടേയും രാഹുലിന്റേയും പ്രസംഗങ്ങളില്‍ ആര് മികച്ച് നിന്നു ?, സീ ന്യൂസില്‍ നടന്ന നാടകം തുടങ്ങിയവ ധ്രുവിന്റെ ചില ഹിറ്റ് വീഡിയോകളാണ്.

കേന്ദ്രസര്‍ക്കാറിനെ ഇത്രയേറെ വിമര്‍ശിക്കുന്ന ധ്രുവ് രതിയ്ക്ക് തീര്‍ച്ചയായും സംഘപരിവാര്‍ അനുകൂലികളുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്ന ട്രോളുകളായിരുന്നു അതിലേറെയും. എന്നാല്‍ മെയ് ഒമ്പതുവരെ ഗുരുതരമെന്നു വിശേഷിപ്പിക്കാവുന്ന ആക്രമണങ്ങള്‍ ഒന്നും തന്നെ നേരിട്ടിരുന്നില്ല. എന്നാല്‍ മെയ് 9ന് ധ്രുവ് രതിയ്‌ക്കെതിരെ ദല്‍ഹിയില്‍ ഒരു പൊലീസ് കേസ് ഫയല്‍ ചെയ്തതോടെ സ്ഥിതി മാറി. ബി.ജെ.പി പ്രവര്‍ത്തകന്‍ എന്ന് സ്വയം അവകാശപ്പെട്ട വികാസ് പാണ്ഡെയ്ക്കുവേണ്ടി ഒരു അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തത്.

Also Read:കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ ക്രമക്കേട്; ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

ബി.ജെ.പി ഐ.ടി സെല്ലിലെ രണ്ടാമനായ പാണ്ഡെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജായ ഐ സപ്പോര്‍ട്ട് നരേന്ദ്ര മോദി വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന രതിയുടെ ആരോപണമാണ് പരാതിക്ക് ആധാരം.

പരാതി കണ്ടതോടെ രതി ആദ്യം അഭിഭാഷകരെ കണ്ട് സംസാരിച്ചശേഷം അടുത്ത നീക്കം ആരംഭിച്ചു. അദ്ദേഹം മറ്റൊരു വീഡിയോ ചിത്രീകരിച്ച് യൂട്യൂബിലിട്ടു. പൊലീസില്‍ നല്‍കിയ പരാതി വിശകലനം ചെയ്തുകൊണ്ട് അതിലെ ഓരോ ആരോപണങ്ങളെയും എടുത്ത് പറഞ്ഞ് ഖണ്ഡിച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ.

നാലുവര്‍ഷം മുമ്പ് യൂട്യൂബില്‍ ആദ്യ വീഡിയോ അപ്ലോഡ് ചെയ്യുന്ന സമയത്ത് ഇപ്പോള്‍ ചെയ്യുന്ന തരത്തിലൊക്കെ ചെയ്യണമെന്ന ഉദ്ദേശമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫിയിലും സിനിമാ നിര്‍മാണത്തിലുമൊക്കെ താല്‍പര്യമുള്ളയാളായിരുന്നു ധ്രുവ് രതി. എന്നാലിന്ന് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വെച്ചു നോക്കുമ്പോള്‍ ഇന്ത്യയിലെ മികച്ച യൂട്യൂബേഴ്‌സില്‍ ഒരാളാണ്. സര്‍ക്കാറിനോട് കലഹിക്കുന്ന വ്യാജവാര്‍ത്തകള്‍ വസ്തുതകള്‍ നിരത്തി ഖണ്ഡിക്കുന്ന ഒറ്റയാള്‍ പടയാണ്.

Also Read:രാജ്യത്ത് ഹിന്ദു താലിബാനിസം വളരുന്നു; എല്ലാ ഭീഷണികളെയും എഴുത്തിലൂടെ നേരിടണം: എസ്. ഹരീഷിന് പിന്തുണയുമായി ആനന്ദ് പട്‌വര്‍ധന്‍

2011-12 കാലഘട്ടത്തില്‍ അണ്ണാ ഹസാരെയുടെ സമരത്തിന്റെ സമയത്താണ് രാഷ്ട്രീയം ശ്രദ്ധിച്ചു തുടങ്ങിയതെന്നാണ് ധ്രുവ് പറയുന്നത്. ആഗ്രഹമുണ്ടായിരുന്നെങ്കിലും ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നതിനാല്‍ അദ്ദേഹത്തിന് ആ സമരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

യൂറോപ്പിലെവിടെയോ എഞ്ചിനിയറിങ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുന്നതും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതും.

“ബി.ജെ.പി എക്‌സ്‌പോസ്ഡ്: ലൈസ് ബിഹൈന്റ് ദ ബുള്‍ഷിറ്റ്” എന്ന തലക്കെട്ടിലുളള മ്യൂസിക് വീഡിയോയിലൂടെയാണ് അദ്ദേഹം ആദ്യം മോദി സര്‍ക്കാറിനെ വിമര്‍ശിച്ചു രംഗത്തുവന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് മോദി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളും അധികാരത്തിലെത്തിയതിനു പിന്നാലെ സര്‍ക്കാര്‍ അതില്‍ നിന്നും പിന്നോട്ടുപോകുന്നതിനെക്കുറിച്ചുമായിരുന്നു വീഡിയോ.

“പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് ഞാന്‍ ആ വീഡിയോ പോസ്റ്റു ചെയ്തതെ”ന്നാണ് ധ്രുവ് പറയുന്നത്. “താന്‍ അവിമതിയ്‌ക്കെതിരെയാണെന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ അഴിമതി ആരോപണ വിധേയായ യദ്യൂരപ്പയോട് അദ്ദേഹം കൈകോര്‍ത്തു. ലോക്പാല്‍ കൊണ്ടുവരാനുള്ള മോദിയുടെ താല്‍പര്യക്കുറവും ബി.ജെ.പി ദല്‍ഹി വൈസ് പ്രസിഡന്റ് കൈക്കൂലി നല്‍കുന്നതിനിടെ ക്യാമറയില്‍ കുടുങ്ങിയ സംഭവവുമെല്ലാം എന്നെ രോഷം കൊള്ളിച്ചു” എന്നാണ് അദ്ദേഹം ആ വീഡിയോയെക്കുറിച്ചു പറഞ്ഞത്.

2016-2017 വര്‍ഷങ്ങളില്‍ വീഡിയോകള്‍ക്കു പിന്നാലെ വീഡിയോകളിലൂടെ രതി ഭരണകക്ഷിയെ നിശിതമായി വിമര്‍ശിച്ചു. ഉറി ആക്രമണം, സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌സ്, നോട്ടുനിരോധനം, ഗുര്‍മേഹര്‍ കൗര്‍ വിവാദം, യോദി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്, ഇ.വി.എം ഹാക്കിങ് തുടങ്ങിയ വിഷയങ്ങളെയെല്ലാം വിമര്‍ശിച്ച് അദ്ദേഹം വീഡിയോകള്‍ പുറത്തുവിട്ടിരുന്നു.

മാര്‍ച്ച് 22 വരെ ബി.ജെ.പി നേതാക്കള്‍ ആരും തന്നെ ധ്രുവിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നില്ല. എന്നാല്‍ മാര്‍ച്ച് 22ന് എം.പിയായ വിജയ് ഗോയല്‍ രതിയുടെ ഒരു ട്വീറ്റിനെ പരിഹസിച്ചുകൊണ്ടു രംഗത്തുവന്നു. 99% വിദ്വേഷ പ്രചാരകവും കൂലിക്കാരോ അല്ലാത്തവരോ ആയ മോദി ഭക്തരാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ അവര്‍ അദ്ദേഹത്തെ പുകഴ്ത്തുകയാണെന്നുമായിരുന്നു രതിയുടെ ട്വീറ്റ്.

“ദിവാസ്വപ്‌നം കാണുന്നത് നല്ലശീലമല്ല കുട്ടീ” എന്നായിരുന്നു ഗോയലിന്റെ മറുപടി ട്വീറ്റ്.

“എനിക്കറിയാം അമ്മാവാ. വിദേശ ഫണ്ടിങ് നിയമാനുസൃതമാക്കിയശേഷവും അഴിമതി രഹിത നവ ഇന്ത്യയെന്ന ദിവാസ്വപ്‌നം വില്‍ക്കുന്നത് ഇനിയെങ്കിലും മതിയാക്കൂവെന്ന് പ്രധാനമന്ത്രിയോട് പോയി പറയൂ” എന്നായിരുന്നു ധ്രുവിന്റെ മറുപടി.

ഇപ്പോള്‍ വിദേശത്തു കഴിയുന്ന ധ്രുവ് പറയുന്നത് ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ ഒരു പ്ലാനും ഇപ്പോഴില്ലയെന്നാണ്. അദ്ദേഹത്തിനെതിരെ ആദ്യകേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുവരെ ധ്രുവ് പറഞ്ഞത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന താനൊരു ബുദ്ധിമുട്ടും കാണുന്നില്ലയെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ തനിക്ക് യാതൊരു ഉറപ്പുമില്ലയെന്നാണ് ധ്രുവ് രതി പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more