| Thursday, 4th April 2019, 12:42 pm

ഇതാണ് അഞ്ച് വര്‍ഷം കൊണ്ട് മോദി 'വികസിപ്പിച്ച' വാരാണസി; മോദിയുടെ വികസന അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി ധ്രുവ് റാഠിയുടെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയുടെ യഥാര്‍ത്ഥ ചിത്രം തുറന്നുകാട്ടി മോദിയുടെ വികസന അവകാശവാദങ്ങളെ പൊളിച്ച് ധ്രുവ് റാഠിയുടെ വീഡിയോ. ബി.ബി.സിയുടെ റിവര്‍ സ്‌റ്റോറീസിന്റെ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയത്.

വാരാണസിയിലെ സ്‌നാന ഘട്ടങ്ങള്‍ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. 84 സ്‌നാനഘട്ടങ്ങളാണ് ഉള്ളത്. 76 കോടി രൂപയാണ് ഇവ വൃത്തിയാക്കാനായി ചിലവഴിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശവാദം. മോദിജി അധികാരത്തില്‍ വന്നശേഷം ഇവിടെ യാതൊരു വികാസവുമുണ്ടായിട്ടില്ലെന്നാണ് ബഹുഭൂരിപക്ഷം യുവാക്കളും ധ്രുവ് റാഠിയോട് പറയുന്നത്. വൃത്തി വളരെ കുറവാണെന്നാണ് സ്‌നാനത്തിന് എത്തിയവരില്‍ വലിയൊരു വിഭാഗവും പറയുന്നത്.

“റോഡുകളില്‍ വെളിച്ചം ഉറപ്പുവരുത്താന്‍ സംവിധാനങ്ങളില്ല. ഇവിടെ സ്‌നാനത്തിന് വരുന്നവര്‍ വൃത്തിയുള്ള ഘട്ടം നോക്കി നോക്കി അരമണിക്കൂര്‍ പോകും. സ്‌നാനഘട്ടത്തിനുവേണ്ടി ചിലവഴിച്ച തുക വെള്ളത്തിലിട്ടതുപോലെയാണ് തോന്നുന്നത്. വീടിനു മുമ്പില്‍ അഴുക്ക് ഇട്ടശേഷം അതില്‍ നിന്ന് പകുതിയെടുത്ത് ശുചിത്വത്തിനുവേണ്ടി ഞാന്‍ ഒരുപാട് ചെയ്തു എന്ന് അവകാശപ്പെടുംപോലെയാണ് ഗംഗാ ശുചീകരണം” എന്നാണ് യുവാക്കള്‍ പരിഹസിക്കുന്നത്.

Also read:രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത വേണ്ട; ദേശാഭിമാനിയുടെ പപ്പു പ്രയോഗത്തിനെതിരെ കാനം

അതേസമയം, മോദിജി വന്നശേഷം റോഡുകള്‍ വലിയ തോതില്‍ വന്നെന്ന് പ്രായമായമവരില്‍ ചിലര്‍ പറയുന്നുണ്ട്. മോദിജിയെ ഭഗവാനായാണ് തങ്ങള്‍ കാണുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ഹിന്ദുക്കള്‍ക്ക് കോടിക്കണക്കിന് ദൈവങ്ങളുണ്ടെന്ന് പറഞ്ഞാണ് മോദിജി ദൈവമാണെന്ന പരാമര്‍ശത്തെ യുവാക്കള്‍ കളിയാക്കുന്നത്. മോദിജിയോടുള്ള ഭയം കാരണം അവര്‍ അദ്ദേഹത്തെ വിമര്‍ശിക്കില്ല. വിമര്‍ശിച്ചാല്‍ അവര്‍ ദേശദ്രോഹികളാകുമെന്നും യുവാക്കള്‍ പറയുന്നു.

ഗംഗാശുചീകരണ അവകാശവാദത്തിന്റെ യാഥാര്‍ത്ഥ്യവും ധ്രുവ് റാഠി തുറന്നുകാട്ടുന്നുണ്ട്. ഗംഗയിലെ ജലം പരിശോധിച്ച ഐ.ഐ.ടി പ്രഫസറുടെ വാക്കുകളിലൂടെയാണ് എത്രത്തോളം ഭീകരമാണ് ഗംഗയുടെ അവസ്ഥയെന്ന് ധ്രുവ് തുറന്നുകാട്ടുന്നത്. നദിയുടെ ആരോഗ്യം ദിവസം തോറും നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

ഫീക്കല്‍ കോളിഫോമിന്റെ അളവ് 100 മില്ലി ജലത്തില്‍ 50നും 100നും ഇടയിലാണ് വേണ്ടത്. എന്നാല്‍ ഗംഗയിലെ പല ഭാഗങ്ങളിലും ഇത് ലക്ഷക്കണക്കിനാണെന്ന് ജല പരിശോധന റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി വീഡിയോയില്‍ പറയുന്നു.

2014 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദത്തെടുത്തതായി പ്രഖ്യാപിച്ച ഗ്രാമത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ധ്രുവ് തന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശരിയായ തരത്തിലുള്ള വികസനം ഇവിടെയുണ്ടായിട്ടില്ലെന്നാണ് മിക്കയാളുകളും പ്രതികരിച്ചത്. മിക്കയാളുകളും അഞ്ചില്‍ രണ്ടോ ഒന്നോ മാര്‍ക്കാണ് മോദിയുടെ വികസനത്തിന് നല്‍കിയത്.

മോദി ഈ ഗ്രാമത്തിനെ ദത്തെടുത്തപ്പോള്‍ നല്ല കാര്യമാണെന്ന് തോന്നി. പക്ഷേ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ തങ്ങള്‍ ഇപ്പോഴും അഴുക്കിലാണെന്നാണ് പ്രദേശവാസിയായ ഒരു യുവതി ധ്രുവ് റാഠിയോട് പറഞ്ഞത്.

കുട്ടികള്‍ പഠനം തുടരാന്‍ കിലോമീറ്ററുകള്‍ പോകേണ്ട അവസ്ഥയാണ് ഇപ്പോഴും. സ്‌കൂളുകളുടെ കാര്യത്തില്‍ യാതൊരു വികസനവുമുണ്ടായിട്ടില്ലെന്നാണ് മോദിയെ അനുകൂലിക്കുന്നവര്‍ വരെ പറയുന്നത്.

പ്രദേശത്തെ ഒരു സ്‌കൂളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. കെട്ടിടം എടുക്കാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ കിടക്കുന്ന ഇടത്ത് ഇപ്പോള്‍ ഒരു ഫാക്ടറി നടത്തുകയാണ്.

ദളിത് കേന്ദ്രങ്ങളില്‍ ഒരു വികാസവും ഉണ്ടായിട്ടില്ല. അവിടെ റോഡുകളൊന്നുമില്ലെന്ന് വൃത്തിഹീനമായ പ്രദേശങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രദേശവാസി പറയുന്നുണ്ട്.

ഇവിടെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച അംബേദ്കര്‍ പ്രതിമയുണ്ട്. അതിനു മുകളിലായി ഒരു സോളാര്‍ പാനലും സ്ഥാപിച്ചിട്ടുണ്ട്. ഈ സോളാര്‍ പാനലില്‍ ബാറ്ററിയില്ല. ആറുമാസം മുമ്പ് ഇവിടെ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന സമയത്ത് അതില്‍ ബാറ്ററിയുണ്ടായിരുന്നു. എന്നാല്‍ രണ്ടുമാസം മുമ്പ് സ്ഥാപിച്ചവര്‍ തന്നെ ബാറ്ററി എടുത്തുകൊണ്ടുപോയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

മറ്റൊന്നു കൊണ്ടുതരാമെന്ന് പറഞ്ഞാണ് ബാറ്ററി എടുത്തുകൊണ്ടുപോയത്. എന്നാല്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു.

പഴയ ശൗചാലയങ്ങള്‍ പൊളിച്ച് പുതിയത് ഉണ്ടാക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെന്നും ഗ്രാമവാസികള്‍ പറയുന്നു. എന്നാല്‍ പഴയ ശൗചാലയങ്ങള്‍ പൊളിച്ചതല്ലാതെ പുതിയത് ഇതുവരെ നിര്‍മ്മിച്ചിട്ടില്ലെന്ന് ശൗചാലയങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം ധ്രുവ് റാഠി ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more