| Monday, 27th May 2019, 1:11 pm

നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം നേടിയ പ്രജ്ഞ പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്നു: വീഡിയോ പുറത്തുവിട്ട് ധ്രുവ് റാഠി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പരസഹായമില്ലാതെ നടക്കാനാവില്ലെന്ന് അവകാശപ്പെട്ട മലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യം നേടിയ പ്രജ്ഞാ സിങ് ആരുടെയും സഹായമില്ലാതെ നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്ത്. സംഘപരിവാര്‍ വിമര്‍ശനങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ യൂട്യൂബര്‍ ധ്രുവ് റാഠിയാണ് പ്രജ്ഞ പരസഹായമില്ലാതെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

‘സ്തനാര്‍ബുദം ഉള്ളതിനാലും പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലയെന്നതിനാലുമാണ്’ പ്രജ്ഞയ്ക്ക് ജാമ്യം അനുവദിക്കുന്നത് എന്നാണ് ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവില്‍ പറയുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ പ്രജ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

‘ഗോമൂത്രവും മറ്റ് പാലുല്പന്നങ്ങളും എന്റെ സ്തനാര്‍ബുദം ഭേദമാക്കി’യെന്ന് തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ പ്രജ്ഞ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വീല്‍ ചെയറിലായിരുന്നു അവര്‍ പ്രചാരണത്തിന് ഇറങ്ങിയത്. ഈ സാഹചര്യത്തിലാണ് പ്രജ്ഞ പരസഹായമില്ലാതെ നടക്കുന്ന വീഡിയോ ചര്‍ച്ചയായിരിക്കുന്നത്.

‘ എന്താണ് ആ വീല്‍ചെയറിന്റെ ആവശ്യം? ഇത് ജനങ്ങളെ വിഡ്ഢിയാക്കാനുള്ള മറ്റൊരു നാടകമാണോ?’ എന്നു ചോദിച്ചുകൊണ്ടാണ് ധ്രുവ് റാഠി പ്രജ്ഞയുടെ വീഡിയോ പങ്കുവെച്ചത്.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രജ്ഞ ജാമ്യം നേടിയതെന്നും അത് നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം നാട്യങ്ങളെന്നുമാണ് ധ്രുവ് റാഠിയുടെ വീഡിയോയ്ക്ക് കീഴില്‍ ചിലര്‍ പ്രതികരിക്കുന്നത്.

ജനാധിപത്യം വീല്‍ ചെയറിലാണെന്നതിന്റെ സൂചനയാണിതെന്നും ചിലര്‍ പ്രതികരിക്കുന്നു.

അതേസമയം പ്രജ്ഞ ജയിലില്‍ കൊടിയ പീഡനങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതിന്റെ ഫലമായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കൂടുതല്‍ സമയം നില്‍ക്കാന്‍ കഴിയില്ലെന്നുമാണ് അവരെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ പ്രജ്ഞ യാതൊരു പീഡനവും നേരിട്ടതിന് തെളിവില്ലെന്ന് മോദിസര്‍ക്കാറിനു കീഴില്‍ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ധ്രുവ് റാഠി ഇതിനു മറുപടി പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more