| Friday, 21st June 2019, 12:30 pm

'ബീഹാറില്‍ മരണപ്പെട്ട കുട്ടികള്‍ കാത്തിരിക്കണം': ശിഖര്‍ ധവാന്റെ അസുഖത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത മോദിയെ ട്രോളി ധ്രുവ് റാഠി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാറില്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് 100ലേറെ കുട്ടികള്‍ മരണപ്പെട്ട കാര്യത്തില്‍ പ്രതികരിക്കാതെ ക്രിക്കറ്റ് കളിയ്ക്കിടെ പരിയ്ക്കുപറ്റിയ ശിഖര്‍ ധവാന്റെ ആരോഗ്യത്തിനുവേണ്ടി ആശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി യൂട്യൂബര്‍ ധ്രുവ് റാഠി.

‘ഒടുക്കം ഇന്ത്യയിലെ ആരോഗ്യരംഗത്തെ പ്രതിസന്ധിയെക്കുറിച്ച് ട്വീറ്റ് ചെയ്യാന്‍ മോദി സമയം കണ്ടെത്തിയിരിക്കുന്നു. ശിഖര്‍ ദവാന്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചിരിക്കുന്നു. #മരിച്ച കുട്ടികള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു’ എന്നാണ് ധ്രുവ് റാഠിയുടെ കുറിപ്പ്.

ബീഹാറില്‍ മസ്തിഷ്‌കജ്വരം വ്യാപിക്കുന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 128 കുട്ടികള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അഞ്ഞൂറിലധികം കുട്ടികളാണ് രോഗബാധയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ചികിത്സതേടിയത്. നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനമുന്നയിച്ചാണ് ധ്രുവ് റാഠിയുടെ പരിഹാസം.

അതേസമയം, പരിക്കുകാരണം മത്സരത്തില്‍ പങ്കെടുക്കില്ലെന്ന ശിഖര്‍ ധവാന്റെ ട്വീറ്റിന് പ്രധാനമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു ‘ പ്രിയപ്പെട്ട ധവാന്‍ പിച്ച് നിങ്ങളെ മിസ് ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ഫീല്‍ഡിലേക്ക് തിരിച്ചുവരാനും അതുവഴി രാജ്യത്തിന് കൂടുതല്‍ വിജയങ്ങള്‍ നേടിത്തരാനും കഴിയട്ടെ. അതിനായി എത്രയും പെട്ടെന്ന് നിങ്ങള്‍ സുഖം പ്രാപിക്കുമെന്ന് കരുതുന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

മോദിയുടെ ഈ ട്വീറ്റിനു കീഴില്‍ നിരവധി പേരാണ് ബീഹാറിലെ ശിശുമരണം ഉയര്‍ത്തിക്കാട്ടി വിമര്‍ശിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more