ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് 22ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.
പുതിയ സീസണിന് മുന്നോടിയായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിരീട പോരാട്ടത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് സഞ്ജുവിന്റെ സഹതാരവും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ ധ്രൂവ് ജുറെല്‍.
ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സഞ്ജു സാംസൺ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പോലെയാണെന്നാണ് ജുറെല്‍ പറഞ്ഞത്. ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍.
‘ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സഞ്ജു രോഹിത് ശര്‍മയെ പോലെയാണ്. കളിക്കളത്തില്‍ അവന്‍ വളരെ ശാന്തനാണ് മൈതാനത്ത് കളിക്കാര്‍ക്ക് സഞ്ജു പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കളിക്കളത്തിന് അകത്തും പുറത്തും അവന്‍ മികച്ച ഒരു ക്യാപ്റ്റനാണ്. സമ്മര്‍ദങ്ങള്‍ ഇല്ലാതെ കളി ആസ്വദിക്കാനാണ് സാംസണ്‍ എന്നോട് പറയാറുള്ളത്,’ ധ്രൂവ് ജുറെല്‍ പറഞ്ഞു.
2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്നുമാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തുന്നത്. 2021മുതലാണ് മലയാളി സൂപ്പര്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
ഐ.പി.എല്ലില്‍ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മിന്നും പ്രകടനമാണ് സഞ്ജു നടത്തിയത്. 152 മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറികളും 20 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 3888 റണ്‍സാണ് മലയാളി താരം നേടിയത്.
ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച താരങ്ങളുമായാണ് സഞ്ജുവും കൂട്ടരും കിരീട പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്. മാര്‍ച്ച് 24ന് കെ.എല്‍ രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.
Content Highlight: Dhruv Jurel talks Sanju Samson captaincy like Rohit Sharma