അദ്ദേഹം ഞങ്ങളെ എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും: ധ്രുവ് ജുറെൽ
Cricket
അദ്ദേഹം ഞങ്ങളെ എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും: ധ്രുവ് ജുറെൽ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th August 2024, 5:14 pm

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെൽ. കോഹ്‌ലി തനിക്ക് എങ്ങനെയാണ് പ്രചോദനമായത് എന്നതിനെക്കുറിച്ചാണ് ജുറെല്‍ പറഞ്ഞത്. സ്‌പോര്‍ട്‌സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് താരം.

‘ഞാന്‍ എപ്പോഴും അദ്ദേഹത്തെ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. വിരാട് കോഹ്‌ലിയുടെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ഞങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്. 15 വര്‍ഷത്തോളം അദ്ദേഹം ഇന്ത്യക്കായി കളിച്ചു. എല്ലായ്‌പോഴും അദ്ദേഹം ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്. ഇത് വളരെ പ്രചോദിപ്പിക്കുന്നതാണ്,’ ജുറെല്‍ പറഞ്ഞു.

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ജുറെല്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്. തന്റെ അരങ്ങേറ്റ പരമ്പരയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്താനും ജുറെലിനു കഴിഞ്ഞു.

മൂന്ന് ടെസ്റ്റില്‍ നിന്നും 190 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. 63.33 എന്ന മികച്ച ശരാശയിലായിരുന്നു ജുറെല്‍ ബാറ്റ് വീശിയത്. ടി-20 ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു താരം കുട്ടിക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമേ ജുറെലിന് കളത്തില്‍ ഇറങ്ങാന്‍ സാധിച്ചുള്ളൂ.

അതേസമയം ഇതിനോടകം തന്നെ വിരാട് 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഈ സീരീസില്‍ കോഹ്‌ലി ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Dhruv Jurel Talks About Virat Kohli