ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സീസണിലെ തങ്ങളുടെ എട്ടാം വിജയം സ്വന്തമാക്കിയിരുന്നു. സീസണില്‍ ഇനിയും അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ 16 പോയിന്റോടെ പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് സഞ്ജുവും കൂട്ടരും.
ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
നായകന്‍ സഞ്ജു സാംസണിന്റെയും ധ്രുവ് ജുറെലിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. 33 പന്തില്‍ പുറത്താവാതെ 71 റണ്‍സാണ് സഞ്ജു നേടിയത്. ഏഴു ഫോറുകളും നാലു കൂറ്റന്‍ സിക്‌സുകളും ആണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
34 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടികൊണ്ടായിരുന്നു ജുറെലിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും രണ്ട് സിക്സുകളും ആണ് താരം നേടിയത്. സഞ്ജുവും ജുറെലും ചേര്‍ന്ന് 121 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ രാജസ്ഥാനായി പടുത്തുയര്‍ത്തിയത്.
ഇപ്പോഴിതാ ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ധ്രുവ് ജുറെല്‍. കളിക്കളത്തില്‍ തന്നോട് ശാന്തമായി കളിക്കാന്‍ സഞ്ജു ആവശ്യപ്പെട്ടു എന്നാണ് ജുറെല്‍ പറഞ്ഞത്. മത്സര ശേഷം പ്രതികരിക്കുകയായിരുന്നു രാജസ്ഥാന്‍ താരം.
‘മത്സരത്തില്‍ വളരെ നന്നായി ഇന്നിങ്സ് തുടങ്ങാന്‍ എനിക്ക് സാധിച്ചു. പക്ഷേ എന്റെ പല ഷോട്ടുകളും കൃത്യമായി ഫീല്‍ഡര്‍മാരുടെ കൈകളിലേക്ക് പോവുകയായിരുന്നു. അതിന് ശേഷം സഞ്ജു സാംസണ്‍ എന്റെ അടുത്ത് വന്ന് ശാന്തനായി കളിക്കാന്‍ ആവശ്യപ്പെട്ടു. ഒരുപാട് കൂറ്റന്‍ ഷോട്ടുകള്‍ കളിക്കേണ്ടെന്നും ക്രീസില്‍ അല്‍പ്പം സമയം എടുത്ത് കളിക്കാനും സഞ്ജു എന്നോട് പറഞ്ഞു. അതിന് ശേഷം ഒരു ഓവറില്‍ 20 റണ്‍സ് നേടാന്‍ എനിക്ക് സാധിച്ചു,’ ജുറെല്‍ പറഞ്ഞു.
മെയ് രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വേദി.
Content Highlight: Dhruv Jurel talks about Sanju Samson