രോഹിത് ശര്‍മയ്ക്ക് കീഴില്‍ കളിക്കുന്ന അനുഭവം പങ്കുവെച്ച് വിക്കറ്റ് കീപ്പര്‍ ബാറ്ററും യുവതാരവുമായ ധ്രുവ് ജുറെല്‍. കളിക്കളത്തില്‍ തങ്ങളുടെ നൂറ് ശതമാനവും അദ്ദേഹം ആവശ്യപ്പെടുമെന്നും ഇന്ത്യക്കായി കളിക്കുമ്പോള്‍ തോല്‍ക്കാന്‍ പാടില്ല എന്ന മനോഭാവമാണ് രോഹിത്തിനുള്ളതെന്നും ജുറെല്‍ പറഞ്ഞു.
ജതിന്‍ സുപ്രുവിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ജുറെല്‍ രോഹിത്തിനെ കുറിച്ച് മനസുതുറന്നത്.
‘ഭക്ഷണം കഴിക്കുമ്പോഴെല്ലാം അദ്ദേഹമൊരിക്കലും സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഇരിക്കാറില്ല. എന്റെയും സര്‍ഫറാസിന്റെയും ജെയ്‌സ്വാളിന്റെയുമൊക്കെ അടുത്ത് വന്നിരുന്നാണ് അദ്ദേഹം കഴിക്കുക.
ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ തോല്‍ക്കാന്‍ പാടില്ലെന്ന മനോഭാവമാണ് അദ്ദേഹത്തിന്. ഗ്രൗണ്ടില്‍ നൂറ് ശതമാനവും നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. കാരണം എല്ലാവരും നിങ്ങളെ ശ്രദ്ധയോടെ നോക്കിക്കാണും. ഇവരെല്ലാവര്‍ക്കും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ സാധിക്കില്ലല്ലോ,’ ജുറെല്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ധ്രുവ് ജുറെല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. റിഷബ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് ജുറെല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. പരമ്പരയില്‍ മികച്ച പ്രകടനം നടത്താനും താരത്തിന് സാധിച്ചിരുന്നു.
ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനമാണ് ജുറെലിന് മുമ്പിലുള്ളത്. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ജുറെലും സ്‌ക്വാഡിന്റെ ഭാഗമാണ്.
എന്നാല്‍ റിഷബ് പന്ത് തിരിച്ചെത്തിയ സാഹചര്യത്തില്‍ ജുറെലിന് കളത്തിലിറങ്ങാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സെപ്റ്റംബര്‍ 19നാണ് പരമ്പരയിലെ ആദ്യ മത്സരം. ചെപ്പോക്കാണ് വേദി.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.
ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്
നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷദ്മാന്‍ ഇസ്‌ലാം, സാക്കിര്‍ ഹസന്‍, മൊമിനുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷാകിബ് അല്‍ ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കിര്‍ അലി, താസ്‌കിന്‍ അഹമ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്‌ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്
Content Highlight: Dhruv Jurel talks about Rohit Sharma