ഐ.പി.എല്ലിൽ ശമ്പള പരിധിയില്ലായിരുന്നെങ്കിൽ 100 കോടി നേടുന്നത് ആ താരമായിരിക്കും: ധ്രൂവ് ജുറൽ
Cricket
ഐ.പി.എല്ലിൽ ശമ്പള പരിധിയില്ലായിരുന്നെങ്കിൽ 100 കോടി നേടുന്നത് ആ താരമായിരിക്കും: ധ്രൂവ് ജുറൽ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th March 2024, 10:58 am

2024 ഐ.പി.എല്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ മുന്നിലുള്ളൂ. മാര്‍ച്ച് 22ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.

ഇപ്പോള്‍ ഐ.പി.എല്‍ ലേലത്തില്‍ വേതനത്തിന്റെ പരിധികളില്ലായിരുന്നുവെങ്കില്‍ ഏറ്റവും കൂടുതല്‍ തുക വാങ്ങുന്ന താരമാരായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ധ്രൂവ് ജുറല്‍.

ഐ.പി.എല്ലില്‍ 100 കോടി വരെ കിട്ടുക ചെന്നൈ സൂപ്പര്‍ കിങ്സ് നായകനും ഇന്ത്യന്‍ ഇതിഹാസ വിക്കറ്റ് കീപ്പറുമായ എം.എസ് ധോണിക്ക് ആയിരിക്കുമെന്നാണ് രാജസ്ഥാന്‍ റോയല്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞത്.

‘ഐ.പി.എല്ലില്‍ ശമ്പള പരിധി ഇല്ലെങ്കില്‍ ധോണി 100 കോടി വരെ നേടും,’ ജുറല്‍ ന്യൂസ് 24 സ്പോര്‍ട്സിന് നല്‍കിയ ആഭിമുഖത്തില്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങളാണ് നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി കിരീടം നേടിയത്. ഐ.പി.എല്ലില്‍ മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി തന്റെ കയ്യൊപ്പ് ചേര്‍ത്തിട്ടുണ്ട്. ചെന്നൈ 2010ലും 2014ലിലുമാണ് ധോണിയുടെ കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി നേടുന്നത്.

ചെന്നൈക്ക് വേണ്ടി ധോണി 214 ഇന്നിങ്‌സുകളില്‍ നിന്നും 38.72 ആവറേജില്‍ 4957 റണ്‍സാണ് ധോണി നേടിയത്. ഈ സീസണിലും ധോണിയുടെ കീഴില്‍ ചെന്നൈ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Dhruv Jurel talks about M.S Dhoni