ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ധ്രുവ് ജുറെല്‍. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ താരത്തെ സുനില്‍ ഗവാസ്‌ക്കര്‍ എം.എസ്. ധോണിയുമായി താരതമ്യപ്പെടുത്തിയിരുന്നു. ജുറെലിന്റെ നിര്‍ണായക പ്രകടനം കണ്ടപ്പോള്‍ താരം അടുത്ത എം.എസ്. ധോണിയാണെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞിരുന്നു.
ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനെയും തന്നെയും തമ്മില്‍ താരതമ്യപ്പെടുത്തിയതിന് ജുറെല്‍ പ്രതികരിച്ചു. ജുറെല്‍ തന്റെ വഴിയെ മുന്നോട്ടു പോകുമെന്നും എം.എസ് ധോണി ഒരു ഇതിഹാസമായി തുടരുമെന്നുമാണ് പറഞ്ഞത്.
‘എം.എസ്. ധോണിയുമായി എന്നെ താരതമ്യം ചെയ്തതിന് ഗവാസ്‌ക്കറിന് നന്ദി. പക്ഷേ ഇന്ത്യയ്ക്കുവേണ്ടി ക്രിക്കറ്റ് കരിയറില്‍ മറ്റാര്‍ക്കും നേടാന്‍ ആവാത്ത കാര്യങ്ങള്‍ ചെയ്ത ധോണി ആവാന്‍ എനിക്ക് കഴിയില്ല. ഒരേ ഒരു എം.എസ്. ധോണി മാത്രമേ ഉണ്ടാകുകയുള്ളൂ. എനിക്ക് ധ്രുവ് ജുറല്‍ ആയാല്‍ മതി. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍ അത് എന്റെ പേരില്‍ തന്നെയാകണം,’താരം പറഞ്ഞു.
തന്റെ വാട്‌സാപ്പിന്റെ ഡിസ്‌പ്ലേ ചിത്രം ധോണിയുടെ ആണെന്നും യുവ ബാറ്റര്‍ വെളിപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് താരം ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സാണ് നേടിയത്. നാലാം ടെസ്റ്റില്‍ പുറത്താകാതെ 90 റണ്‍സും 39 റണ്‍സും നേടി ധ്രുവ് പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഐ.പി.എല്ലില്‍ താരം രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് കളിക്കുന്നത്. ഫ്രാഞ്ചൈസിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്താല്‍ 2024 ഐ.സി.സി ടി-ട്വന്റി ലോകകപ്പിനായി താരത്തെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്.
Content highlight: Dhruv Jurel Replayed Sunil Gavaskar