ധോണിയുടെ 20 വർഷത്തെ റെക്കോഡിനൊപ്പം ഇനി സഞ്ജുവിന്റെ പ്രിയപ്പെട്ടവനും; ചരിത്രം സാക്ഷി
Cricket
ധോണിയുടെ 20 വർഷത്തെ റെക്കോഡിനൊപ്പം ഇനി സഞ്ജുവിന്റെ പ്രിയപ്പെട്ടവനും; ചരിത്രം സാക്ഷി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th September 2024, 1:40 pm

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി-യും ഇന്ത്യ എ-യും തമ്മിലുള്ള മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബി 231 റണ്‍സിനാണ് പുറത്തായത്. ഇന്ത്യ എക്ക് വേണ്ടി വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് ധ്രുവ് ജുറെല്‍ നടത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഏഴ് ക്യാച്ചുകളാണ് ജുറെല്‍ കൈപ്പിടിയിലാക്കിയത്. യശസ്വി ജെയ്സ്വാള്‍, ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍, മുഷീര്‍ ഖാന്‍, സര്‍ഫറാസ് ഖാന്‍, നീതിഷ് കുമാര്‍ റെഡ്ഢി, സായ് കിഷോര്‍, നവ്ദീപ് സൈനി എന്നിവരെയാണ് ജുറെല്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് രാജസ്ഥാന്‍ റോയല്‍സ് താരം സ്വന്തമാക്കിയത്. ദുലീപ് ട്രോഫിയില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമെന്ന് നേട്ടത്തിലേക്കാണ് ജുറെല്‍ നടന്നുകയറിയത്. ഇതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ റെക്കോഡിനൊപ്പമെത്താനും ജുറെലിന് സാധിച്ചു. 2004-05 ദുലീപ് ട്രോഫിയുടെ സീസണില്‍ നോര്‍ത്ത് സോണിനെതിരെയായിരുന്നു ധോണി ഏഴ് ക്യാച്ചുകള്‍ നേടിയത്.

ഇന്ത്യ ബിക്കായി ആകാശ് ദീപ് അഞ്ച് മിന്നും പ്രകടനമാണ് നടത്തിയത്. ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റും ആവേശ് ഖാന്‍, തനുഷ് കൊട്ടിയാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്ത്യ എയുടെ ബാറ്റിങ്ങില്‍ റിഷബ് പന്ത് 47 പന്തില്‍ 61 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. 36 പന്തില്‍ 46 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനും നിര്‍ണായകമായി. ഏഴ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 321 റണ്‍സിനാണ് പുറത്തായത്. ഇന്ത്യ ബിക്ക് വേണ്ടി സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം മുഷീര്‍ ഖാന്‍ നടത്തിയത്. 373 പന്തില്‍ 181 റണ്‍സ് നേടിക്കൊണ്ടാണ് താരം തിളങ്ങിയത്. 16 ഫോറുകളും അഞ്ച് സിക്‌സുമാണ് താരം നേടിയത്. മുഷീറിന് പുറമെ നവ്ദീപ് സൈനി 56 റണ്‍സും യശസ്വി ജെയ്സ്വാള്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യ എയുടെ ബൗളിങ്ങില്‍ ആകാശ് ദീപ് നാല് വിക്കറ്റും ആവേശ് ഖാന്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 231 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യ എക്ക് വേണ്ടി കെ.എല്‍ രാഹുല്‍ 37 റണ്‍സും മായങ്ക് അഗാര്‍വാള്‍ 36 റണ്‍സും തനുഷ് കൊട്ടിയാന്‍ 32 റണ്‍സും റിയാന്‍ പരാഗ് 30 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

ഇന്ത്യ ബിക്കായി മുകേഷ് കുമാര്‍, നവ്ദീപ് സൈനി എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും സായ് കിഷോര്‍ രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: Dhruv Jurel Record Achievement in Duleep Trophy