| Sunday, 28th May 2023, 3:25 pm

200 കടന്ന ഒറ്റ ഫിനിഷര്‍ മാത്രം, അതാകട്ടെ സഞ്ജുവിന്റെ പയ്യനും; ധോണിക്ക് പിന്‍ഗാമിയാകാന്‍ പോന്ന രാജസ്ഥാന്റെ സ്വന്തം റോയല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ ഫൈനലിന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം വേദിയാവുകയാണ്. മെയ് 28ന് നടക്കുന്ന ഫൈനലില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

ഐ.പി.എല്ലിന്റെ ഈ സീസണ്‍ ആരംഭിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കളിക്കുമെന്നായിരുന്നു പല ക്രിക്കറ്റ് അനലിസ്റ്റുകളും പ്രവചിച്ചിരുന്നത്. രാജസ്ഥാന്റെ ആദ്യ മത്സരങ്ങള്‍ ഇത് ഊട്ടിയുറപ്പിക്കുന്നതുമായിരുന്നു.

എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ രാജസ്ഥാന്‍ പിന്നോട്ട് പോയതോടെ ഹല്ലാ ബോല്‍ ആരാധകരുടെ ആവേശവും തണുത്തു. ഒടുവില്‍ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്താവുകയായിരുന്നു.

പ്ലേ ഓഫില്‍ കടക്കാന്‍ സാധിച്ചില്ലെങ്കില്‍ക്കൂടിയും ഇപ്പോള്‍ പുറത്തുവന്ന ചില സ്റ്റാറ്റുകള്‍ രാജസ്ഥാന്‍ ആരാധകരുടെ പ്രതീക്ഷയേറ്റുന്നുണ്ട്. അടുത്ത സീസണിലെങ്കിലും രണ്ടാം കിരീടം സ്വപ്‌നം കാണാം എന്നതിനെ അടിവരയിടുന്നതാണ് പുതിയ കണക്കുകള്‍.

ടൂര്‍ണമെന്റിലെ ഡെത്ത് ഓവറുകളില്‍ പുറത്തെടുക്കുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളില്‍ ഒരാളാകാന്‍ സാധ്യതയുള്ള ധ്രുവ് ജുറെലാണ് ഫിനിഷര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി നില്‍ക്കുന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫിനിഷറായ എം.എസ്. ധോണിയെയും മറികടന്നുകൊണ്ടാണ് താരം പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് എന്നതാണ് ഒരേസമയം അത്ഭുതാവഹവും രസകരവുമായ വസ്തുത.

17-20 ഓവറുകളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളുടെ പട്ടികയിലാണ് ജുറെല്‍ ഒന്നാമതെത്തി നില്‍ക്കുന്നത്. 208.30 എന്ന തകര്‍പ്പന്‍ പ്രഹരശേഷിയിലാണ് ജുറെല്‍ ഡെത്ത് ഓവറുകളില്‍ റണ്‍സ് നേടിയെടുക്കുന്നത്. ജുറെല്‍ മാത്രമല്ല രാജസ്ഥാന്റെ വിശ്വസ്തനായ ഷിംറോണ്‍ ഹെറ്റ്‌മെയറും അഞ്ചാം സ്ഥാനക്കാരനായി പട്ടികയിലുണ്ട്.

ഡെത്ത് ഓവറുകളിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (മിനിമം 50 പന്ത്)

(താരം – ടീം – സ്‌ട്രൈക്ക് റേറ്റ് എന്ന ക്രമത്തില്‍)

ധ്രുവ് ജുറെല്‍ – രാജസ്ഥാന്‍ റോയല്‍സ് – 208.30

ടിം ഡേവിഡ് – മുംബൈ ഇന്ത്യന്‍സ് – 195.30

റിങ്കു സിങ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 194.30

എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 192.4

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ – രാജസ്ഥാന്‍ റോയല്‍സ് – 191.9

ഈ സീസണില്‍ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങുകയും രാജസ്ഥാന്റെ പ്ലെയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമാവുകയും ചെയ്ത ജുറെല്‍ 13 മത്സരത്തിലെ 11 ഇന്നിങ്‌സില്‍ നിന്നും 152 റണ്‍സാണ് നേടിയത്. വെറും 88 പന്ത് നേരിട്ടാണ് താരം ഈ റണ്‍സ് സ്വന്തമാക്കിയത്.

21.71 എന്ന പ്രഹരശേഷിയിലും 172.72 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്‍സ് സ്വന്തമാക്കിയത്.

വരും സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെയും മധ്യനിരയിലെ കരുത്താകാന്‍ പോന്ന താരമാണ് ജുറെല്‍. ജുറെലിന്റെ ഇംപാക്ട് അടുത്ത സീസണില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍.

Content Hi9ghlight: Dhruv Jurel has best strike rate in death overs in IPL 2023

Latest Stories

We use cookies to give you the best possible experience. Learn more