Sports News
ചക്രവര്‍ത്തിയല്ല, വെറും രണ്ട് മത്സരം കളിച്ചവന്‍ പരമ്പരയിലെ മികച്ച ഫീല്‍ഡര്‍; സസ്‌പെന്‍സിട്ട് മെഡല്‍ നല്‍കി സൂര്യ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 03, 12:46 pm
Monday, 3rd February 2025, 6:16 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ സന്ദര്‍ശകരെ ചുരുട്ടിക്കെട്ടി ഇന്ത്യ തങ്ങളുടെ വിജയഗാഥ തുടരുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന മത്സരത്തിന് മുമ്പ് തന്നെ പരമ്പര സ്ന്തമാക്കിയ ഇന്ത്യ വാംഖഡെയില്‍ നടന്ന ഡെഡ് റബ്ബര്‍ മത്‌സരത്തില്‍ 150 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.

ക്യാപ്റ്റന്റെ റോളില്‍ സൂര്യകുമാര്‍ ഒരിക്കല്‍ക്കൂടി തിളങ്ങിയ പരമ്പരയായിരുന്നു ഇത്. 2024 ടി-20 ലോകകപ്പിന് ശേഷം ഇന്ത്യയെ ഒരു പരമ്പര പോലും പരാജയപ്പെടാന്‍ സൂര്യ അനുവദിച്ചിട്ടില്ല.

പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പരമ്പരയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ക്കുള്ള ‘ഇംപാക്ട് ഫീല്‍ഡര്‍ ഓഫ് ദി സീരീസ്’ മെഡല്‍ നല്‍കുന്ന വീഡിയോയാണിത്.

ദീലീപ് മെഡല്‍ സൂര്യകുമാറിന് നല്‍കി വിജയിക്ക് സമ്മാനിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മെഡല്‍ വാങ്ങിയ സൂര്യ ആദ്യം വരുണ്‍ ചക്രവര്‍ത്തിയുടെ അടുക്കലേക്കാണ് നടന്നുനീങ്ങിയത്.

അഞ്ചാം മത്സരത്തിലടക്കം മികച്ച ഫീല്‍ഡിങ് പ്രകടനം പുറത്തെടുത്ത വരുണ്‍ ചക്രവര്‍ത്തിക്ക് സൂര്യ പുരസ്‌കാരം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

എല്ലാവരെയും അത്ഭുതപ്പെടുത്തി സൂര്യ ധ്രുവ് ജുറെലിന്റെ പക്കലേക്ക് പോവുകയും യുവതാരത്തിന് മെഡല്‍ സമ്മാനിക്കുകയുമായിരുന്നു. ഈ മെഡല്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നത് രാജസ്ഥാന്‍ സൂപ്പര്‍ താരത്തിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.

പരമ്പരയില്‍ വെറും രണ്ട് മത്സരത്തില്‍ മാത്രമാണ് ജുറെല്‍ കളത്തിലിറങ്ങിയത്. ആറ് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡിങ്ങിലെ മികച്ച പ്രകടനമാണ് താരത്തെ മെഡലിന് അര്‍ഹനാക്കിയത്.

പരമ്പരയിലുടനീളം മികച്ച ഫീല്‍ഡിങ് പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ താരങ്ങളെ പരിശീലകന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

‘വളരെ മികച്ച പ്രകടനം. ഫീല്‍ഡിങ്ങിലേക്ക് വരുമ്പോള്‍ ഒരു ടീം എന്ന നിലയില്‍ എല്ലായ്‌പ്പോഴും അഗ്രസ്സീവായി കളിക്കാനാണ് നമ്മള്‍ ശ്രമിച്ചിട്ടുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. ഫീല്‍ഡിങ് എന്നാല്‍ കേവലം സ്‌കില്‍ മാത്രമല്ല, അതൊരു ആറ്റിറ്റ്യൂഡ് കൂടിയാണെന്ന് നമ്മള്‍ കാണിച്ചുകൊടുത്തു.

ഗ്രൗണ്ടിലായിരിക്കുമ്പോള്‍ എത്ര ബോള്‍ നമ്മുടെയരികിലേക്ക് വരുമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. അതൊന്നും തീരുമാനിക്കാന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള മനോഭാവം നമുക്ക് തീരുമാനിക്കാനാകും. അത് ഈ പരമ്പരയിലുടനീളം വ്യക്തമായികുന്നു.

പരമ്പരയില്‍ പല വെല്ലുവിളികളും നമുക്ക് നേരിടേണ്ടതായി വന്നിരുന്നു. മഞ്ഞ് പെയ്യുന്നതാകട്ടെ, നനഞ്ഞ ഔട്ട്ഫീല്‍ഡുകളാകട്ടെ, വെളിച്ചത്തിന്റെ പ്രശ്‌നങ്ങളാകട്ടെ ഇത്തരത്തില്‍ പല പ്രതിസന്ധികളും നമുക്ക് മുമ്പിലുണ്ടായിരുന്നു. എന്നാല്‍ വളരെ മികച്ച രീതിയില്‍ നമ്മള്‍ ഇതിനെയെല്ലാം മറികടന്നു,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Dhruv Jurel awarded Impact Fielder of the Series Medal