| Tuesday, 18th April 2023, 3:59 pm

കുറച്ചകലെ മാറി ധോണിയെ തന്നെ തുറിച്ച് നോക്കി നിന്നു; തുറന്നുപറഞ്ഞ് സഞ്ജുവിന്റെ വലം കൈ

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡിലെ ഏറ്റവും വിശ്വസ്തനും ഓരോ മത്സരം കഴിയുമ്പോഴും മെച്ചപ്പെട്ട് വരികയും ചെയ്യുന്ന താരമാണ് ധ്രുവ് ജുറെല്‍. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി, പിന്നീടങ്ങോട്ട് പ്ലെയിങ് ഇലവനില്‍ സ്ഥിരസാന്നിധ്യമായ താരമാണ് ജുറെല്‍.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന വാശിയേറിയ മത്സരത്തില്‍ രാജസ്ഥാന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് ജുറെല്‍. മത്സരത്തില്‍ പത്ത് പന്ത് നേരിട്ട് 17 റണ്‍സടിച്ച ജുറെലിന്റെ ഇംപാക്ട് ടീമിന് ഏറെ ഗുണം ചെയ്തിരുന്നു.

ഇതിന് മുമ്പ് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു പിങ്ക് സിറ്റിയുടെ എതിരാളികള്‍. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു രാജസ്ഥാന്റെ വിജയം. ഈ മത്സരത്തിനിടെ തന്റെ ഐഡലായ എം.എസ്. ധോണിയെ നേരിട്ടുകാണാനും സംസാരിക്കാനും താരത്തിന് അവസരം ലഭിച്ചിരുന്നു.

ധോണിയെ നേരിട്ടുകണ്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരമിപ്പോള്‍. ഹ്യൂമണ്‍സ് ഓഫ് ബോംബേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജുറെല്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ആദ്യമായി എന്റെ ഐഡലായ ധോണിക്കൊപ്പം ഗ്രൗണ്ട് പങ്കിട്ടു. ആ ദിവസം ഒന്നും അസാധ്യമല്ല എന്ന് എനിക്ക് തോന്നി. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍, കുറച്ചകലെ മാറി നിന്ന് അഞ്ച് മിനിട്ടോളം ഞാന്‍ നോക്കി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തെ പോലെയാകാന്‍ ഇനിയുമേറെ കഠിനാധ്വാനം ചെയ്യണം എന്ന് എനിക്ക് തോന്നി.

ഞാന്‍ അദ്ദേഹവുമായി ഫീല്‍ഡിലെത്തുക മാത്രമല്ല സംസാരിക്കുകയും ചെയ്തിരുന്നു. എങ്ങനെയാണ് ഇത്രത്തോളം ശാന്തനായിരിക്കാന്‍ കഴിയുന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു.

ഒരു ഫിനിഷറെന്ന നിലയില്‍ ഒന്നോ രണ്ടോ ഓവര്‍ മാത്രമേ കളിക്കാന്‍ ലഭിക്കുകയുള്ളൂ, നിങ്ങളില്‍ സ്വയം വിശ്വസിച്ച് അടിക്കാന്‍ തുടങ്ങുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,’ ജുറെല്‍ കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച ജുറെല്‍ നാല് മത്സരത്തില്‍ നിന്നും 62 റണ്‍സാണ് സ്വന്തമാക്കിയത്. അസമിലെ ബര്‍സാപരയില്‍ വെച്ച് പഞ്ചാബ് കിങ്‌സിനെതിരെ പുറത്താകാതെ നേടിയ 32 റണ്‍സാണ് ഹൈ സ്‌കോര്‍. 31 എന്ന ബാറ്റിങ് ആവറേജും 182.35 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

Content Highlight: Dhruv Jural on meeting MS Dhoni

Latest Stories

We use cookies to give you the best possible experience. Learn more