| Sunday, 14th August 2022, 5:17 pm

ദൃശ്യം 3 വരുന്നു? ട്രെന്‍ഡിങ്ങായി ഫാന്‍ മെയിഡ് പോസ്റ്ററും ഹാഷ്ടാഗും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച സൂപ്പര്‍ഹിറ്റ് മൂവി സീരീസാണ് ദൃശ്യം. ഇരു ഭാഗങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത് ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഓഗസ്റ്റ് 17ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഒരു ഫാന്‍ മെയിഡ് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ദൃശ്യം 3 എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ടോപ്പ് ട്രെന്‍ഡിങ് ആണ്.

ദൃശ്യം 2 വാര്‍ത്താ സമ്മേളനത്തില്‍ ജീത്തു ജോസഫ് ദൃശ്യം 3ന്റെ ക്ലൈമാക്‌സ് തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മുമ്പ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിനും മൂന്നാം ഭാഗം വേണമെന്ന് ആഗ്രഹമുണ്ടെന്നും ജീത്തു ജോസഫുമായി സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്ലാം ഒത്തുവന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം സംഭവിക്കുമെന്നാണ് ജീത്തുവും ആന്റണി പെരുമ്പാവൂരും പറഞ്ഞിരിരുന്നത്. എന്തായാലും സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ സത്യമാണോ എന്നറിയാനാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം ജീത്തുജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാമിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ബിഗ് ബഡ്ജറ്റായി ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുര്‍ഗ കൃഷ്ണ, ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ആദില്‍ ഹുസൈന്‍, ചന്തുനാഥ് തുടങ്ങിയവര്‍ റാമില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്. വിനായക്. സംഗീതം വിഷ്ണു ശ്യാം. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

ചിത്രത്തിന്റേതായി നേരത്തെ പുറത്ത് വന്ന സ്റ്റില്ലുകള്‍ ഒക്കെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം മോഹന്‍ലാലും ജീത്തും ജോസഫും ഒന്നിച്ച് ഒടുവില്‍ പുറത്തുവന്ന ചിത്രം ട്വല്‍ത്ത് മാനാണ് . അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, അനു മോഹന്‍, പ്രിയങ്ക, ഉണ്ണി മുകുന്ദന്‍, അനു സിത്താര, അനുശ്രീ, രാഹുല്‍ മാധവ്, സൈജു കുറുപ്പ് എന്നിങ്ങനെ വലിയ താരനിര എത്തിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മിച്ചത്.

Content Highlight: Dhrishyam three trending with a fan made poster in twitter after the rumours about the announcement of the movie

Latest Stories

We use cookies to give you the best possible experience. Learn more